ഇസ്ലാമാബാദ്: ബുഷ്‌റ ബീവിയുടെ ഭക്ഷണത്തിൽ ജയിൽ അധികൃതർ ടോയ്‌ലറ്റ് ക്ലീനർ കലർത്തിയെന്ന ആരോപണവുമായി പിടിഐ നേതാവും പാകിസ്താൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻഖാൻ വീണ്ടും രംഗത്ത്. ടോയ്‌ലറ്റ് ക്ലീനർ കലർത്തിയതിനാൽ ഭാര്യയ്‌ക്ക് നിരന്തരം അസ്വസ്ഥതകളും വയറുവേദനയും അനുഭവപ്പെടുന്നുണ്ടെന്നാണ് പുതിയ വാദം. ജയിലിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇമ്രാൻ ഖാൻ ആരോപണം ഉന്നയിച്ചത്.
” എന്റെ ഭാര്യയ്‌ക്ക് ടോയ്‌ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണമാണ് ജയിൽ അധികൃതർ നൽകുന്നത്. ഇത് ദിവസവും കഴിക്കുന്നത് അവൾക്ക് വയറുവേദനയും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഭാര്യയെ പരിശോധനയ്‌ക്ക് വിധേയമാക്കണം.”- ഇമ്രാൻ ഖാൻ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസവും ജയിൽ അധികൃതർക്കെതിരെ ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ എത്തിയിരുന്നു. ഭാര്യയുടെ ഭക്ഷണത്തിൽ ജയിൽ അധികൃതർ വിഷം കലർത്തിയിട്ടുണ്ടെന്നും ബുഷ്‌റയെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമായിരുന്നു ഇമ്രാൻ ഖാൻ ഉന്നയിച്ച ആരോപണം.
ഭാര്യയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം സൈനിക മേധാവി അസിം മുനീറിനായിരിക്കുമെന്നും അയാളെ ജീവനോടെ വിടില്ലെന്ന വധഭീഷണിയും പിടിഐ നേതാവ് മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത വിചിത്രവാദവുമായി ഇമ്രാൻ ഖാൻ രംഗത്തെത്തിയത്.