തൃശൂർ: വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ കയറിയതായി പരാതി. പൂര സമയത്ത് ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേയാണ് പൊലീസ് ഉദ്യോഗസ്ഥർ ഉത്തരവ് ലംഘിച്ചത്. ഭക്തരിലൊരാൾ ഇത് സംബന്ധിച്ച് പരാതി നൽകി.
വടക്കുംനാഥ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പാദരക്ഷകൾ ധരിച്ചു നിൽക്കുന്ന പൊലീസ് സംഘത്തിന്റെ ചിത്രങ്ങൾ ജനം ടിവിക്ക് ലഭിച്ചു. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് നിരവധി പൊലീസുകാർ പാദരക്ഷകൾ ധരിച്ച് ഉള്ളിൽ പ്രവേശിച്ചത്.
പൊലീസിനെതിരെ വിമർശനം കടുക്കുന്നതിനിടെയാണ് വീണ്ടും പരാതി ഉയരുന്നത്. ഇന്നലെ രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. പിന്നാലെ പൊലീസിനെതിരെ സംഘാടകരും പൂരപ്രേമികളും രംഗത്തെത്തി. പൊലീസിന്റെ അനാവശ്യമായ ഇടപെടലാണ് പ്രശ്നങ്ങൾക്ക് ആധാരമെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.