തൃശൂർ: തൃശൂർ പൂരം മനഃപൂർവം വൈകിപ്പിച്ചെന്ന് സംശയിക്കുന്നതായി കോഴിക്കോട് ചിന്മയ മിഷൻ മഠാധിപതി സ്വാമി ജിദാത്മാനന്ദ. കുടമാറ്റത്തിൽ ശ്രീരാമന്റെ ഉൾപ്പെടെ രൂപങ്ങൾ ഉപയോഗിച്ചത് ആരെയെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായി തൃശൂർ പൂരം ചടങ്ങുകൾ വൈകിയതുമായി ബന്ധപ്പെട്ട് ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“അധികൃതരുടെ ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടായത്. ചരിത്രാതീതമായി നടക്കുന്ന തൃശൂർപൂരത്തിന് ആദ്യമായി മുടക്കം വന്നിരിക്കുകയാണ്. പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ മണിക്കൂറുകളോളം മുടങ്ങിയിരിക്കുന്നു. ഏറ്റവും വലിയ ഹൈന്ദവ ആഘോഷമാണ് തൃശൂർ പൂരം. ശ്രീരാമന്റെയും അയോദ്ധ്യയുടെയും രൂപങ്ങൾ കുടമാറ്റത്തിൽ പ്രദർശിപ്പിച്ചതിന്റെ അനന്തരഫലമാകാം ഇത്. അതുകൊണ്ടാണ് പൂരം മനഃപൂർവ്വം വൈകിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. എല്ലാ ഹൈന്ദവരും ഇതിനെതിരെ പ്രതിഷേധിക്കണം”-സ്വാമി ജിദാത്മാനന്ദ പറഞ്ഞു.
പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെയാണ് തിരുവമ്പാടി വിഭാഗം രാത്രിപ്പൂരം നിർത്തി വച്ചത്. അലങ്കാര പന്തലിലെ ലൈറ്റുകൾ അണച്ച് പ്രതിഷേധമറിയിച്ചിരുന്നു. വെടിക്കെട്ടിന് അനാവശ്യ നിയന്ത്രണമേർപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ പൊലീസ് ആളുകളെ തടഞ്ഞിരുന്നു. ഇതോടെ തർക്കമുടലെടുക്കുകയായിരുന്നു. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതും പ്രകോപനത്തിന് വഴിവച്ചിരുന്നു.