ദുബായ്: കനത്ത മഴയെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കുണ്ടായ പ്രതിസന്ധിയിൽ ക്ഷമ ചോദിച്ച് വിമാനത്താവള സിഇഒയും എമിറേറ്റ്സ് എയർലൈൻസ് സിഇഒയും. എമിറേററ്സ് എയർലൈൻസിന്റെ 400 ഓളം വിമാന സർവീസുകളാണ് മഴ കാരണം മുടങ്ങിയത്. ആദ്യ രണ്ട് ദിവസങ്ങളിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 1,244 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. നിലവിൽ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ വിമാന സർവീസുകളെല്ലാം പുനഃസ്ഥാപിച്ചതായി എമിറേറ്റ്സ്, ഫ്ലൈ ദുബായ് അധികൃതർ അറിയിച്ചു.
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്സ് തുറന്ന കത്താണ് എഴുതിയത്. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേയ്‌ക്ക് കൊണ്ടുവരുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് അദ്ദേഹം വിശദീകരിച്ചു. അതിഥികളുടെ ക്ഷേമത്തിനും വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാനും എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കത്തിലൂടെ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താളംതെറ്റുകയും എയർ ഇന്ത്യയുടേതടക്കം വിമാനങ്ങൾ മുടങ്ങുകയും ചെയ്തിരുന്നു. യാത്രക്കാർ അനുഭവിച്ച ബുദ്ധിമുട്ടിൽ ആത്മാർത്ഥമായി ക്ഷമചോദിക്കുന്നതായി എമിറേറ്റ്സ് സിഇഓ ടിംക്ളാർക്കും അറിയിച്ചു. കനത്ത മഴയിൽ എമിറേറ്റ്സ് എയർലൈൻ 400ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനയാത്ര മുടങ്ങിയത് കാരണം ബുദ്ധിമുട്ടിലായവർക്കായി 12,000 ഹോട്ടൽ മുറികളെടുത്ത് നൽകിയെന്നും രണ്ടര ലക്ഷത്തോളം ഭക്ഷണ കൂപ്പണുകൾ വിതരണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. സഹായമെത്തിക്കാൻ നൂറോളം എയർലൈൻസ് ജീവനക്കാരെ സജ്ജമാക്കിയിരുന്നതായും സിഇഓ അറിയിച്ചു. വിമാന സർവീസുകളെല്ലാം പുനഃസ്ഥാപിച്ചെങ്കിലും ദുബായിലേക്കുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഞായറാഴ്ച ഉച്ചക്ക് 12 മണി വരെ തുടരും.













