തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിന് തിരിച്ചടി. തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നുവെന്ന വ്യാജ പ്രചാരണത്തിലാണ് തരൂരിനെതിരെ കേസെടുത്തത്.
എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് ശശി തരൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ പ്രചാരണം സംബന്ധിച്ച് രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.
നേരത്തെ ആരോപണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി വക്കീൽ നോട്ടീസും അയച്ചു. പ്രസ്താവന പിൻവലിച്ച് ശശി തരൂർ മാപ്പ് പറയണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം.
വൈദികരെ ഉൾപ്പടെ സ്വാധീനിക്കാനും വോട്ട് കിട്ടാൻ തീരമേഖലയിൽ പണം നൽകാനും എൻഡിഎ ശ്രമിക്കുന്നുവെന്നായിരുന്നു ശശി തരൂർ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ താൻ അപ്രകാരം പറഞ്ഞിട്ടില്ലെന്നും കേട്ടുകേൾവിയാണ് പറഞ്ഞതെന്നും അന്വേഷണത്തിൽ അങ്ങനെയാണ് മനസിലായതെന്ന വിശദീകരണവുമായി തരൂർ തടി തപ്പാനുള്ള ശ്രമവും നടത്തിയിരുന്നു.