താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് ജയിച്ചത് ഇഴഞ്ഞിഴഞ്ഞ്. 143 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ബാക്കിനിൽക്കെയാണ് ഗുജറാത്തിന് മറികടക്കാനായത്. മദ്ധ്യ ഓവറിലെ രാഹുൽ തെവാട്ടിയയുടെ ഇന്നിംഗ്സാണ് ഗുജറാത്തിന് കരുത്തായത്. 18 പന്തിൽ 36 റൺസെടുത്ത താരം പുറത്താകാതെ നിന്നു. 29 പന്തിൽ 35 റൺസെടുത്ത ഗില്ലും 34 പന്തിൽ 31 റൺസെടുത്ത സായ് സുദർശനുമാണ് മറ്റു ടോപ് സ്കോറർമാർ. കണിശതയോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാരാണ് ജയം വൈകിച്ചത്.
നാലാം ഓവറിൽ 13 റൺസെടുത്ത സാഹയെ വീഴ്‌ത്തി അർഷദീപാണ് ആദ്യം ഗുജറാത്തിനെ വിറപ്പിച്ചത്. എന്നാൽ ഗില്ലും സുദർശനും കരുതലോടെ ഇന്നിംഗ് മുന്നോട്ട് നയിച്ചു. ഇതിനിടെ ഗില്ലിനെ ലിവിംഗിസ്റ്റൺ മടക്കി. പിന്നാലെ എത്തിയ മില്ലറെയും(4) സ്പിന്നർ വീഴ്‌ത്തിയതോടെ ഗുജറാത്ത് പരുങ്ങി. 14-ാം ഓവറിൽ സായ് സുദർശനും വീണതോടെ ഗുജറാത്ത് ഒരു അട്ടിമറി മണത്തു.
തൊട്ടടുത്ത ഓവറിൽ അസ്മത്തുള്ള ഒമർസായിയും(13) കുടാരം കയറിയതോടെ തകർന്ന ഗുജറാത്തിനെ തെവാട്ടിയ(36) ഷാരൂഖ് (8) സഖ്യമാണ് കരകയറ്റിയത്. ഷാരൂഖും റാഷിദ്(3) ഖാനും വീണെങ്കിലും തെവാട്ടിയ ഗുജറാത്തിനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. നേരത്തെ നാലു വിക്കറ്റെടുത്ത സായ് കിഷോറിന്റെ പ്രകടനമാണ് പഞ്ചാബിനെ ചെറിയ സ്കോറിലൊതുക്കിയത്.
ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ലിവിംഗ്സറ്റണ് രണ്ടും അർഷദീപിനും ക്യപ്റ്റൻ സാം കറനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. എട്ടു മത്സരത്തിൽ നാലാം വിജയത്തോടെ ഗുജറാത്ത് ആറാം സ്ഥാനത്തും ഇതേ മത്സരത്തിൽ രണ്ടു വിജയവുമായി പഞ്ചാബ് 9-ാം സ്ഥാനത്തുമാണ്.