ന്യുഡൽഹി: എക്കാലവും കാണികൾ ഏറെ ആവേശഭരിതരായി ആസ്വദിക്കുന്ന ഒന്നാണ് ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങൾ.എന്നാൽ ഐ.സി.സി , ഏഷ്യാ കപ്പ് മത്സരങ്ങളൊഴിച്ചാൽ ഇരു ടീമുകളും അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയിട്ട് 17 വർഷങ്ങൾ ആകുകയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ ഇന്ത്യാ-പാക് മത്സരങ്ങൾ പുനഃരാരംഭിക്കുന്നതിനെക്കുറിച്ച് ചോദ്യമുയർന്നിരുന്നു. അതിന് രോഹിത് നൽകിയ മറുപടിയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി.
ക്ലബ് പ്രേരി ഫയർ പോഡ്‌കാസ്റ്റിന് നൽകിയ ഒരഭിമുഖത്തിൽ മുൻ ഇംഗ്ലണ്ട് ടീം നായകൻ മൈക്കൽ വോൺ ആയിരുന്നു രോഹിത്തിനോട് ആ ചോദ്യം ചോദിച്ചത്.”ഇന്ത്യ സ്‌ഥിരമായി പാകിസ്താനോട് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് താങ്കൾ കരുതുന്നില്ലേ ?” എന്നായിരുന്നു ആ ചോദ്യം. അതിന് രോഹിതിന്റെ മറുപടി “എന്തുകൊണ്ട് ആയിക്കൂടാ. പാകിസ്താൻ മികച്ചൊരു വിദേശടീമാണ്. അവരുമായി ഐ സി സി മത്സരങ്ങൾ ഞങ്ങൾ കളിക്കുന്നുണ്ട്. നല്ല ബൗളിംഗ് ലൈനപ്പുണ്ട് അവർക്ക് . മികച്ചൊരു മത്സരമായിരിക്കും അത്. പൂർണ്ണമായും ക്രിക്കറ്റിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. മറ്റു കാര്യങ്ങൾ ഞാൻ ചിന്തിക്കുന്നില്ല ” എന്നായിരുന്നു.
അഫ്രീദിയുടെ വാക്കുകൾ ഇങ്ങനെ: “വളരെ നല്ല മറുപടി.പരമ്പര നടക്കണം. ഇന്ത്യൻ ക്യാപ്റ്റനിൽ നിന്നുള്ള മികച്ച പ്രതികരണം . അയാൾ (രോഹിത്) ഇന്ത്യയുടെ അംബാസിഡർ കൂടിയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞങ്ങൾ എപ്പോഴും പറയുന്നുണ്ട്… സ്പോർട്സ് – പ്രത്യേകിച്ച് ക്രിക്കറ്റ് – അതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.ഞങ്ങൾ ഇന്ത്യയിൽ പോയി ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഈ കാര്യങ്ങൾ മികച്ച ബന്ധങ്ങൾ വളർത്തിയെടുക്കുന്നു. നല്ല ബന്ധങ്ങൾ വളർത്തിയെടുക്കേണ്ടത് അയൽക്കാരുടെ അവകാശമാണ് ” അഫ്രീദി പറഞ്ഞു.
കഴിഞ്ഞ 2023 ലെ ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്.അതിൽ ഇന്ത്യ പാകിസ്താനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന ടി 20 ലോക കപ്പിലെ ലീഗ് മത്സരത്തിലാണ് ഇനി ഇരു ടീമുകളും ഏറ്റുമുട്ടുന്നത് . ജൂൺ 9 ന് ന്യുയോർക്കിലാണ് മത്സരം. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ ഇതുവരെ പാകിസ്താനോട് അടിയറവ് പറഞ്ഞിട്ടില്ലെന്നതും ആവേശം ഇരട്ടിപ്പിക്കുന്നു.