തൃശൂർ: കേരളാ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഹൈന്ദവ വിരുദ്ധ നടപടികൾക്കെതിരെ തൃശൂരിൽ പ്രതിഷേധ യോഗവുമായി ഹൈന്ദവ സംഘടനകൾ. മുതിർന്ന പ്രചാരകൻ വി.കെ വിശ്വനാഥൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സാംസ്കാരിക നായകർ ആരും തന്നെ പ്രതികരിച്ചില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് വിമർശിച്ചു.
“വളരെയധികം മാനസികമായ വ്യഥയോടെയാണ് ഇത് സംസാരിക്കുന്നത്. പൂരത്തിനിടെ നടന്നത് അപ്രതീക്ഷിതമായ കാര്യങ്ങളാണ്. ലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന ഒന്നാണ് തൃശൂർ പൂരം. മികച്ച സംഘാടനത്തോടെ നടത്തുന്ന പൂരം അലങ്കോലപ്പെടുത്താൻ അങ്കിത് അശോകൻ എന്ന കമ്മീഷണർ ശ്രമിച്ചു. ഐപിഎസ് കിട്ടിയതിന്റെ എന്തെങ്കിലും വിവരമുണ്ടോ അങ്കിത് അശോകന്? ഇത്തരം ആളുകളാണോ ക്രമസമാധാന ചുമതല വഹിക്കേണ്ടത്? ഇയാളെ എവിടേക്കെങ്കിലും സ്ഥലം മാറ്റിയതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? എന്തുകൊണ്ട് മാറ്റിയെന്ന് എല്ലാവർക്കും മനസിലാകും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ തീരുമാനം എടുത്തത്. പൂരപ്രേമികളെയും ജനങ്ങളെയും സോപ്പിടാനുള്ള ശ്രമമാണ് സർക്കാരിന്റേത്.
പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അങ്കിത് അശോകനെ പിരിച്ചുവിടണം. വിളക്കുമാടത്തിൽ വിളക്ക് കത്തിക്കാൻ എത്തിയ വ്യക്തിയെ അവിടെ നിന്നും ആട്ടിപ്പായിച്ചു. ആരുടെ നിർദേശ പ്രകാരമാണ് ഇതൊക്കെ നടക്കുന്നത്? ആരാണ് ഇതിന് പിറകിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്? പൂരം അലങ്കോലപ്പെടുത്തിയതിനെതിരെ ഏതെങ്കിലും സാംസ്കാരിക നായകർ പ്രതികരിച്ചോ? എന്താണ് അവർ സംസാരിക്കാത്തത്? ഇവിടെയാണല്ലോ സാഹിത്യ അക്കാദമിയുള്ളത്? ദേവസ്വം വകുപ്പ് മന്ത്രി എവിടെപ്പോയി? സ്ഥാനാർത്ഥിയാണെങ്കിലും ഒരു വാക്ക് പോലും മിണ്ടിയില്ല? 450 ക്ഷേത്രങ്ങളെ ഭരിച്ചു മുടിക്കുന്നതാണ് കൊച്ചിൻ ദേവസ്വം ബോർഡ്. ഇതുവരെ ഒരു പ്രസ്താവന പോലും കൊച്ചിൻ ദേവസ്വം ബോർഡ് പുറപ്പെടുവിച്ചിട്ടില്ല.”- കെ.പി ഹരിദാസ് പ്രതികരിച്ചു.