ന്യൂഡൽഹി: ഒറ്റ ദിവസം കൊണ്ട് വിമാനമാർഗം സഞ്ചരിച്ചത് 4.71 ലക്ഷം പേർ. വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 4,71,751 പേരാണ് ഇക്കാഴിഞ്ഞ ഞായറാഴ്ച മാത്രം യാത്ര ചെയ്തത്. 6,128 വിമാനങ്ങളാണ് ഏപ്രിൽ 21-ന് സർവീസ് നടത്തിയത്.
കൊവിഡിന് മുൻപുള്ള ശരാശരി 3,98,579 എണ്ണത്തേക്കാൾ 14 ശതമാനത്തിന്റെ വർദ്ധവനാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ദിനംപ്രതി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നുവെന്നാണ് വ്യോമയാന മന്ത്രാലയം പറയുന്നത്.
ആഭ്യന്തര വിമാനങ്ങളിലൂടെ ജനുവരി-മാർച്ച് കാലയളവിൽ 391.46 ലക്ഷം പേരാണ് യാത്ര ചെയ്തതെന്ന് ഡിജിസിഎ അറിയിച്ചു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 375.04 ലക്ഷമായിരുന്നു. 4.38 ശതമാനം വാർഷിക വളർച്ചയും 3.68 ശതമാനം പ്രതിമാസ വളർച്ചയും രേഖപ്പെടുത്തി.
ഭാരതത്തിലെ വ്യോമയാന മേഖല അഭൂതപൂർവ്വമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. മെച്ചപ്പെട്ട നയങ്ങൾ, വിമാനക്കമ്പനികളുടെ നവീകരണം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതിനെ പിന്തുണയ്ക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലെ കുതിപ്പ് തുടരുമെന്നാണ് അനുമാനം.