ഒറ്റ രാത്രി കൊണ്ട് തായ്‌വാനെ പിടിച്ചുകുലുക്കി 80ലധികം ഭൂചലനങ്ങൾ; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

Published by
Janam Web Desk

തായ്‌പേയ്: തായ്‌വാനെ പിടിച്ചുകുലുക്കി തുടർ ഭൂചലനങ്ങൾ. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തായ്‌വാന്റെ കിഴക്കൻ തീരത്ത് 80ലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെയാണ് തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടായത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യതലസ്ഥാനമായ തായ്‌പേയിൽ ഉൾപ്പെടെ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇവിടെ നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. തായ്‌വാന്റെ കിഴക്കൻ മേഖലയിലാണ് കൂടുതൽ ഭൂചലനങ്ങൾ ഉണ്ടായത്. അപകടത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.

ഈ മാസം ആദ്യം തായ്‌വാനിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന്നു. അതിന് ശേഷം നൂറോളം തുടർചലനങ്ങളാണ് തായ്‌വാനിൽ ഉണ്ടായത്. മൂന്നാം തിയതിയുണ്ടായ ഭൂചലനത്തിൽ കേടുപാടുകൾ സംഭവിച്ച ഒരു ഹോട്ടൽ ഇന്നലെയുണ്ടായ ചലനത്തിന് പിന്നാലെ ഒരു വശത്തേക്ക് പൂർണമായി ചെരിഞ്ഞുപോയതായി ഹുവാലിയനിലെ അഗ്‌നിശമന സേനാ വിഭാഗം അറിയിച്ചു. കേടുപാടുകൾ സംഭവിച്ചതിന് പിന്നാലെ ഈ ഹോട്ടൽ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു.

Share
Leave a Comment