തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യങ്ങളറിയാൻ ട്രെയിൻ യാത്ര നടത്തി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പാറശാല മുതൽ തിരുവനന്തപുരം വരെയാണ് യാത്രക്കാരോടൊപ്പം സഞ്ചരിച്ചത്. യാത്രക്കാരുടെ അസൗകര്യങ്ങൾ അറിയുന്നതിനും തന്റെ ഡോക്യുമെന്ററി നൽകുന്നതിനും വേണ്ടിയാണ് യാത്ര നടത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എല്ലായിടത്തും ജനങ്ങളെ പോയി കണ്ട് ഡോക്യുമെന്ററി നൽകും. എംപിയായി ജയിച്ചു കഴിഞ്ഞാൽ തിരുവനന്തപുരത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യ വികസനങ്ങൾ നടപ്പിലാക്കും. അതിൽ വലിയൊരു ഭാഗമാണ് മൊബിലിറ്റി, ട്രെയിൻ വികസനം. നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും കൃത്യമായ പരിഹാരം കണ്ടെത്തും. തീരദേശത്തായാലും റെയിൽവേയിലായാലും വികസനം കൊണ്ടുവരികയും നിക്ഷേപങ്ങൾ വർദ്ധിപ്പിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
മുറിയിലിരുന്ന് എന്റെ അറിവ് വച്ച് എഴുതിയതല്ല, ഈ ഡോക്യുമെന്ററി. എല്ലാവരുടെയും പ്രശ്നങ്ങളും ദുരിതങ്ങളും മനസിലാക്കിയ ശേഷമാണ് തയ്യാറാക്കിയത്. ട്രെയിനിന്റെ എണ്ണം വർദ്ധിപ്പിക്കുക, യാത്രക്കാർക്ക് സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, സുരക്ഷ വർദ്ധിപ്പിക്കുക, റെയിൽവേ സ്റ്റേഷന്റെ സൗകര്യങ്ങൾ ഉയർത്തുക, എന്നിവയാണ് പ്രഥമ ലക്ഷ്യങ്ങൾ- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.