ലോകത്തിലെ ഏറ്റവും വേഗമുള്ള സൂപ്പർസോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ 100 ശതമാനം ഭാഗങ്ങളും 2026 ഓടെ ഇന്ത്യയിൽ തന്നെ വികസിപ്പിക്കുമെന്ന് റിപ്പോർട്ട് . പ്രതിരോധ മേഖലയ്‌ക്ക് വേണ്ട ഉൽപ്പന്നങ്ങളും ആയുധങ്ങളും നിർമിക്കുന്ന സ്വകാര്യ, പൊതു മേഖലാ കമ്പനികളാണ് ബ്രഹ്മോസിന്റെ ഭാഗങ്ങളും വികസിപ്പിച്ചെടുക്കുക .ബ്രഹ്മോസിനായുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും ഇന്ത്യയിലാണ് നടക്കുന്നത്.നിലവിൽ റഷ്യയുടെ മിസൈൽ നിയന്ത്രണ ടെക്നോളജിയാണ് ഇന്ത്യ ഉപയോഗിക്കുന്നത്.
നിർമാണം തുടങ്ങുമ്പോൾ ഇന്ത്യയുടേതായി കേവലം 12 ശതമാനം ഭാഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. റഷ്യയുമായും ഇന്ത്യയുമായും സൗഹൃദമുള്ള രാജ്യങ്ങളിലേക്ക് ബ്രഹ്മോസ് മിസൈലുകളുടെ കയറ്റുമതി അനുവദിക്കാൻ ഇരു രാജ്യങ്ങളും സംയുക്തമായാണ് തീരുമാനിച്ചത് .2026 ഓടെ ഇന്ത്യ 3 ബില്യൺ ഡോളറിന്റെ ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യുമെന്ന് ബ്രഹ്മോസ് ഡയറക്ടർ ജനറൽ അതുൽ റാണെ പറയുന്നു.
മിസൈലിന്റെ ക്വാഡ് ലോഞ്ചർ കൂടി അവതരിപ്പിച്ചതോടെയാണ് ബ്രഹ്മോസിന്റെ ഭൂരിഭാഗവും ഇന്ത്യയുടേതായി മാറിയത് . കപ്പലുകളിൽ നിന്നു വരെ ബ്രഹ്മോസ് തൊടുക്കാൻ ശേഷിയുള്ളതാണ് ക്വാഡ് ലോഞ്ചർ. ഒരേസമയം എട്ടു മിസൈലുകൾ വരെ തൊടുക്കാൻ ക്വാഡ് ലോഞ്ചറിന് കഴിയും. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിലെ മിസൈല്‍ നിയന്ത്രണ സംവിധാനവും ഡിആര്‍ഡിഒയാണ് നിര്‍മിച്ചത്.
ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസ് മിസൈലുകളില്‍ ഇന്ത്യയില്‍ നിന്നുള്ള സീക്കറുകള്‍ ഉപയോഗിച്ചതോടെ ഇനി റഷ്യയില്‍ നിന്നുള്ള സീക്കറുകളുടെ ആവശ്യവും ഒഴിവായി. നിലവിൽ സൗദി, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാനുള്ള നീക്കത്തിലാണ്.















