ന്യൂഡൽഹി: മുഴുവൻ മുസ്ലീം സമൂഹത്തെയും പിന്നാക്ക വിഭാഗത്തിന് കീഴിൽ കൊണ്ടുവരാനുള്ള കർണാടക സർക്കാർ നീക്കത്തിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി ദേശീയ പിന്നാക്ക കമ്മീഷൻ (NCBC). സംസ്ഥാനത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുസ്ലീം വിഭാഗത്തെ പൂർണമായും പിന്നാക്ക ഗണത്തിൽ ഉൾപ്പെടുത്താൻ സിദ്ധരാമയ്യ സർക്കാർ നീക്കം ആരംഭിച്ചത്. എന്നാലിത് സാമൂഹിക നീതിയുടെ തത്വങ്ങളെ തന്നെ അസന്തുലിതമാക്കുമെന്ന് ദേശീയ പിന്നാക്ക കമ്മീഷൻ ചൂണ്ടിക്കാട്ടി.
കർണാടകയിലെ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗമായി ഇസ്ലാം മതത്തിലുള്ള എല്ലാ ജാതികളെയും സമുദായങ്ങളെയും ഉൾപ്പെടുത്താൻ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിലെ കാറ്റഗറി IIBയിൽ ഇസ്ലാം മതസ്ഥരെ പ്രത്യേകമായി ഉൾപ്പെടുത്തി സംവരണം നൽകണമെന്നാണ് കർണാടക സർക്കാരിന്റെ ആവശ്യം. ഇതോടെ ഒഴിവുള്ള തസ്തികയിലേക്ക് നടത്തുന്ന എല്ലാ നിയമനങ്ങളിലും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇസ്ലാം മതസ്ഥർക്ക് സംവരണം ഏർപ്പെടുത്തേണ്ടതായി വരും. ഇതിനായി പിന്നാക്ക വിഭാഗത്തിൽ മുസ്ലീം വിഭാഗത്തെ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് കർണാടക സർക്കാർ.
എന്നാൽ യഥാർത്ഥത്തിൽ പിന്നാക്കം നിൽക്കുന്ന, വിദ്യാഭ്യാസപരമായും സാമൂഹികപരമായും പാർശ്വവത്കരിക്കപ്പെട്ടുപോയ, അധഃസ്ഥിതരായ മുസ്ലീം സമുദായങ്ങൾക്ക് ലഭിക്കേണ്ട അവസരങ്ങൾക്ക് തുരങ്കം വയ്ക്കുന്നതിന് മതാടിസ്ഥാനത്തിലുള്ള സംവരണം കാരണമാകുമെന്ന് NCBC ചൂണ്ടിക്കാട്ടി. മുഴുവൻ സമുദായത്തെയും പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് ഇസ്ലാം മതസ്ഥർക്കിടയിലെ വൈവിദ്ധ്യങ്ങളും സങ്കീർണതകളും അവഗണിക്കുന്നതിന് തുല്യാണ്. മതാടിസ്ഥാനത്തിലുള്ള സംവരണം സാമൂഹിക നീതിയുടെ നൈതികതയെ പ്രതികൂലമായി ബാധിക്കും. മുസ്ലീങ്ങളെ പൂർണമായും സംവരണ കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത് സാമൂഹിക നീതിയുടെ ചട്ടക്കൂടുകളെ മാത്രമല്ല സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളെ പോലും ബാധിക്കുമെന്ന് NCBC വ്യക്തമാക്കി.
2011ലെ സെൻസസ് പ്രകാരം കർണാടകയിലെ 12.92 ശതമാനവും മുസ്ലീങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ 32 ശതമാനം സംവരണമാണ് പിന്നാക്ക വിഭാഗത്തിലുള്ളവർക്ക് കർണാടക ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന വോട്ടുബാങ്കാണ് ഇസ്ലാം മതസ്ഥർ എന്നിരിക്കെ പ്രീണന രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് സർക്കാർ പയറ്റുന്നതെന്നാണ് ആക്ഷേപം.