സിനിമാ ലോകത്തെ താരങ്ങളുടെ ഡാൻസും പാട്ടുമൊക്കെ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. അഭിനയത്തിന് പുറമേയുള്ള ഇത്തരം കഴിവുകൾ മലയാളി പ്രേക്ഷകർ എന്നും പിന്തുണക്കാറുമുണ്ട്. മോഹൻലാലിന്റെ ഡാൻസാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊച്ചിയിൽ നടന്ന ഒരു അവാർഡ് പരിപാടിയിലെ വീഡിയോയാണ് വിവിധ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളിൽ വൈറലാവുന്നത്.
രജനികാന്തിന്റെ ജയിലർ എന്ന സിനിമയിലെ ഗാനത്തിനും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ‘സിന്ദാ ബന്ദ’എന്ന ഗാനത്തിനുമാണ് മോഹൻലാൽ ചുവടുവയ്‌ക്കുന്നത്. പുറകിൽ നിൽക്കുന്ന സപ്പോർട്ടിംഗ് ഡാൻസേഴ്സിനോടൊപ്പം അതേ ഉഷാറിലും ഉത്സാഹത്തോടെയുമാണ് മോഹൻലാൽ നൃത്തം ചെയ്യുന്നത്.
മോഹൻലാലിന്റെ ഡാൻസും എനർജിയും പൊതുവെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. സിനിമാ തിരക്ക് കാരണം അദ്ദേഹം ഇപ്പോൾ പൊതുവേദികളിൽ പങ്കെടുക്കുന്നത് വിരളമാണ്. അതിനിടെയാണ് തകർപ്പൻ ഡാൻസുമായി മോഹൻലാൽ തിരിച്ചെത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് അഭിപ്രായങ്ങൾ പങ്കുവച്ച് രംഗത്തെത്തിയത്.
വീഡിയോ വൈറലായതോടെ ലാലേട്ടൻ ഫാൻസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുൾപ്പെടെ ഡാൻസ് തരംഗമാവുകയാണ്. അവാർഡ് ഷോ ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ വൈറലായി എന്ന പ്രത്യേകതയും ഇതിനുണ്ട്. മോഹൻലാലിന്റെ 360-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമായിരുന്നു തുടങ്ങിയത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- ശോഭന കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.