മുംബൈ: സീവുഡ്‌സ് മലയാളി സമാജം ഇ-വേസ്റ്റ് സംഭരണ പ്രചാരണവുമായി രംഗത്ത്. സമാജത്തിലെ അംഗങ്ങളിൽ നിന്ന് ഇലക്‌ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് കൃത്യമായ സംസ്കരണത്തിനൊരുങ്ങുകയാണ് സീവുഡ്സ് മലയാളി സമാജം. ലോകഭൗമ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ഇലക്‌ട്രോണിക് മാലിന്യം ശേഖരിക്കാൻ സമാജം തീരുമാനിച്ചത്.
ലൈബ്രേറിയൻ കൂടിയായ ഗോപിനാഥൻ നമ്പ്യാരാണ് ഇ-വേസ്റ്റ് സമാഹരണത്തിന് നേതൃത്വം നൽകുന്നത്. അടുത്ത ചൊവ്വാഴ്‌ച്ച രാത്രി 7.30 മുതൽ 9 വരെയാണ് സമാജത്തിന്റെ സമാഹരണ യജ്ഞം. ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വായനക്കാരുടെ നിർദ്ദേശമാണ് ഈ ആശയത്തിന് പിന്നിലെന്ന് സമാജം സെക്രട്ടറി രാജീവ് നായർ പറഞ്ഞു.
ഭൂമിയെ മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കുവാനുള്ള ശ്രമങ്ങൾ നാം തുടരേണ്ടത് ഒരു മനുഷ്യനെന്ന നിലയിൽ നമ്മുടെ കടമയാണ്. ഇലക്ട്രോണിക് പാഴ്വസ്തുക്കൾ അല്ലെങ്കിൽ ഇ-വേസ്റ്റ് കുറയ്‌ക്കുക എന്നത് ഭ്രമാത്മകമായ ഈ ലോകത്ത് ഒരു ഉത്തരവാദിത്വമായി കാണണമെന്നും സെക്രട്ടറി രാജീവ് നായർ കൂട്ടിച്ചേർത്തു.
സീവുഡ്സ് മലയാളി സമാജം അത്തരത്തിലൊരു ചെറുകാൽവെയ്പ്പ് കഴിഞ്ഞ വർഷം നടത്തിയിരുന്നു. അതിന്റെ രണ്ടാം പതിപ്പിനായി തയ്യാറെടുക്കുകയാണ് സമാജം. സമാഹരിക്കപ്പെടുന്ന ഇ- പാഴ്വസ്തുക്കൾ ശാസ്ത്രീയമായ രീതിയിൽ സംസ്ക്കരിക്കുന്ന ഏജൻസികൾക്ക് കൈ മാറുമെന്നും ലൈബ്രേറിയൻ ഗോപിനാഥൻ നമ്പ്യാർ വ്യക്തമാക്കി.
പാഴായ കീബോർഡുകൾ, മൗസുകൾ, ചാർജ്ജറുകൾ, റിമോട്ടുകൾ, ബാറ്ററികൾ, കേബിൾ കോഡുകൾ, ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ, ലാപ്പ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡെസ്ക് ടോപ്പുകൾ, മോണിറ്ററുകൾ എന്നിവയാണ് സമാഹരിക്കുന്നത്. ഭൂമിയിൽ കാർബൺ പാദമുദ്ര കുറയ്‌ക്കാൻ നമുക്കൊത്തു ചേരാം എന്ന സന്ദേശത്തെ മുൻ നിർത്തിയാണ് ഈ മുന്നേറ്റം.















