ന്യൂഡൽഹി: ഇന്ത്യയെ ‘റിഫൈനിംഗ് സൂപ്പർപവർ’ എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ കൂടുതൽ അളവിൽ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള ഊർജവിതരണത്തിലെ സമ്മർദങ്ങൾക്കിടെ വെനസ്വേലയുടെ എണ്ണ ഉൽപ്പാദനം വർധിപ്പിക്കാനുള്ള അമേരിക്കൻ നീക്കത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നാണ് റൂബിയോയുടെ വിലയിരുത്തൽ.
മുംബൈയിൽ ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെവി ക്രൂഡ് ഓയിൽ സംസ്കരിക്കാൻ ഇന്ത്യയ്ക്ക് ആവശ്യമായ സാങ്കേതിക ശേഷിയും അനുഭവപരിചയവുമുണ്ടെന്ന് റൂബിയോ പറഞ്ഞു. വെനസ്വേലയിൽ നിന്നുള്ള എണ്ണയുടെ ലഭ്യത വർധിക്കുന്നതോടെ ഇത് കൂടുതൽ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെനസ്വേലയിൽ ഇന്ത്യൻ കമ്പനികൾക്ക് നേരത്തേ അനുവദിച്ചിട്ടുള്ള എണ്ണ ഉൽപ്പാദന അവകാശങ്ങളും ഉൽപ്പാദനം വർധിപ്പിക്കാൻ സഹായിക്കുമെന്ന് റൂബിയോ വ്യക്തമാക്കി. ഈ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയാൽ ആഗോള വിപണിയിൽ കൂടുതൽ എണ്ണ ലഭ്യമാക്കാൻ കഴിയുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.
റിലയൻസുമായി നിർണായക ചർച്ച
വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ കൂടുതൽ സംസ്കരിക്കുന്നതും അവിടത്തെ എണ്ണ ഉൽപ്പാദനം വർധിപ്പിക്കുന്നതും സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസുമായി അമേരിക്കൻ സംഘം ചർച്ച നടത്തും. ഇന്ത്യയുടെ എണ്ണ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്ന നടപടികളെയും റൂബിയോ പ്രശംസിച്ചു. ഊർജസുരക്ഷ ഉറപ്പാക്കുന്നതിന് ഇത്തരം നീക്കങ്ങൾ പ്രയോജനകരമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.















