ജയ്പൂർ: രാജസ്ഥാനിൽ 13 വയസ്സുള്ള ഇരട്ടസഹോദരന്മാരെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും മൂത്ത മകനും കസ്റ്റഡിയിൽ. ഡീഗ് ജില്ലയിലെ ബഡേസ്ര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. വിനയ് ചൗധരി, വിഷ്ണു ചൗധരി എന്നീ ഇരട്ടസഹോദരന്മാരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മയുടെ ബന്ധത്തെ കുട്ടികൾ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാവിലെ ആറോടെ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലർച്ചെ വീട്ടിൽനിന്ന് പുറത്തുപോയ കുട്ടികൾ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് മാതൃസഹോദരി അന്വേഷണമാരംഭിക്കുകയായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികളുടെ കഴുത്തറുത്ത നിലയിലായിരുന്നു. ശരീരത്തിൽ മുറിവുകളും തലയ്‌ക്ക് പരിക്കുകളും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
അമ്മ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും തുടർന്ന് മൂത്ത മകനുമായി ചേർന്ന് ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. അമ്മയുടെ ബന്ധത്തിന് ഇരട്ടക്കുട്ടികൾ തടസ്സമായിരുന്നുവെന്നും മൂത്ത മകൻ അമ്മയുടെ ബന്ധത്തെ പിന്തുണച്ചിരുന്നുവെന്നും അന്വേഷണസംഘം പറയുന്നു. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
പ്രീതിയുടെ ഭർത്താവ് നിരഞ്ജൻ സിങ് വർഷങ്ങൾക്കുമുമ്പ് മരിച്ചിരുന്നു. തുടർന്ന് നാലു മക്കളുമായി ഇവർ രാജസ്ഥാനിലെ ബഡേസ്രയിലുള്ള സ്വന്തം കുടുംബവീട്ടിലേക്ക് താമസം മാറുകയായിരുന്നു. 18 വയസ്സുള്ള മകളും 16 വയസ്സുള്ള മകനും 13 വയസ്സുള്ള ഇരട്ടക്കുട്ടികളുമാണ് ഇവർക്കുള്ളത്.















