230ന് താഴെയുള്ള ഒരു വിജയലക്ഷ്യവും അത്ര സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന മറ്റൊരു മത്സരം. ഡൽഹി ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് വീണത് നാലു റൺസ് അകലെ. സായ് സുദർശനൻ തുടങ്ങി വച്ച പോരാട്ടം നയിച്ച മില്ലറും റാഷിദ് ഖാനും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫീൾഡിൽ ട്രിസ്റ്റൺ സ്റ്റബ്സും അവസാന ഓവറിൽ മുകേഷ് കുമാറും വിലങ്ങ് തടിയായതോടെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഗുജറാത്ത് മുട്ടുമടക്കി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഗുജറാത്തിന് തുടക്കം തന്നെ പിഴച്ചു. 6 റൺസെടുത്ത നായകനെ വീഴ്‌ത്തി നോർക്യ ഡൽഹിക്ക് മേൽകൈ നൽകി. എന്നാൽ സാഹയ്‌ക്കൊപ്പം സായ് സുദർശൻ കൂടി ചേർന്നതോടെ സ്കോർ ബോർഡ് കുതിച്ചു. ഇരുവരും ചേർന്ന് 89 റൺസിന്റെ കൂട്ടുക്കെട്ടുയർത്തി ഗുജറാത്തിന് ആത്മവിശ്വാസം പകർന്നു. 39 റൺസെടുത്ത സാഹയെ വീഴ്‌ത്തി പാർട്ണർഷിപ്പ് പൊളിച്ച കുൽദീപ് മത്സരം വീണ്ടും തിരിച്ചു.
തൊട്ടടുത്ത ഓവറിൽ അസ്മത്തുള്ള ഓമർസായിയും വീണതോടെ ഗുജറാത്ത് പരുങ്ങി. പിന്നാലെ 39 പന്തിൽ 65 റൺസെടുത്ത സായ് സുദർശനെ അക്സർ പട്ടേലിന്റെ കൈകളിലെത്തിച്ച് റാസിക് സലാം ഗുജറാത്തിനെ ഞെട്ടിച്ചു. ഷാരൂഖ് ഖാനും (8), തെവാട്ടിയയും(4) കളി മറന്നെങ്കിലും മില്ലർ പോരാട്ടം തുടർന്നു. 23 പന്തിൽ 55 റൺസുമായി ഗുജറാത്തിനെ ജയത്തിലേക്ക് അടുപ്പിക്കുമെന്ന തോന്നിച്ച മില്ലറെ പുറത്താക്കി മുകേഷ് ഡൽഹി പ്രതീക്ഷകളെ സജീവമാക്കി.
എന്നാൽ ഇതിനെ മറികടക്കുന്ന പ്രകടനവുമായി റാഷിദ് ഖാൻ ഡൽഹി പേടിപ്പിച്ചു. ഒടുവിൽ അവസാന ഓവറിൽ ഏറെ വിയർപ്പൊഴുക്കിയാണ് പന്തിന്റെ ഡൽഹി നാലാം ജയം തേടിപ്പിടിച്ചത്. 11 പന്തിൽ 21 റൺസുമായി റാഷിദ് പുറത്താവാതെ നിന്നപ്പോൾ കാമിയോ റോളിലെത്തിയ സായ് കിഷോർ 6 പന്തിൽ 13 റൺസ് നേടി.