ഹൈദരാബാദ്: പ്ലേ ഓഫ് പ്രതീക്ഷകൾ നൂലപാലത്തിലായ ആർ.സി.ബിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. ഐപിഎൽ കരിയറിലെ 53-ാം അർദ്ധശതകവുമായി കോലിയും തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റിയടിച്ച രജത് പടിദാറുമാണ് ബെംഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത്.
ആദ്യ വിക്കറ്റിൽ ക്യാപ്റ്റൻ ഫാഫിനൊപ്പം(12 പന്തിൽ 25) 48 റൺസിന്റെ പാർടണർഷിപ്പുണ്ടാക്കിയ കോലി നാലാം വിക്കറ്റിൽ പടിദാറിനൊപ്പം 65 റൺസും സ്കോർ ബോർഡിൽ ചേർത്തു. ഭേദപ്പെട്ട പ്രകടനം നടത്തിയ കാമറൂൺ ഗ്രീൺ (37) സ്വപനിൽ സിംഗ്(12), ദിനേശ് കാർത്തിക് (11) എന്നിവരാണ് സ്കോർ ഇരുന്നൂറ് കടത്തിയത്. മഹിപാൽ ലോംറോർ (7) വിൽ ജാക് (6) എന്നിവർ നിരാശപ്പെടുത്തി.
ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് പിഴുത ജയദേവ് ഉനാദ്ഘട് ആണ് ആർ.സി.ബിയെ പിടിച്ചുനിർത്തിയത്. നടരാജന് രണ്ടു വിക്കറ്റ് ലഭിച്ചു. അർദ്ധ സെഞ്ച്വറി തികച്ച നായകൻ കമ്മിൻസിന് ഒരു വിക്കറ്റുകൊണ്ട് തൃപ്തിപെടേണ്ടി വന്നു. മായങ്ക് മാർകണ്ഡേക്കും ഒരു വിക്കറ്റ് ലഭിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ ഹൈദരാബാദ് തകർത്തടിച്ച അതേ സ്റ്റേഡിയത്തിലാണ് ആർ.സി.ബിക്കെതിരെയുള്ള മത്സരവും.