ബെഗുസാരായി ; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ബെഗുസാരായിയിൽ നിന്ന് ബിജെപി പ്രവർത്തകന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി . വിരമിച്ച സൈനികനായ കൗശൽ കുമാറിന്റെ മകൻ അംഗദ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. മതിഹാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഹോ സ്വദേശിയാണ് മരിച്ച അംഗദ് കുമാർ.
ഏപ്രിൽ 25 ന് വൈകുന്നേരം മുതലാണ് അംഗദിനെ കാണാതായത് . അംഗദ് കുമാറിന്റെ പിതാവ് കൗശൽ കുമാർ സംഭവത്തെക്കുറിച്ച് ബെഗുസരായ് എസ്പിക്കും ജില്ലാ ഭരണകൂടത്തിനും പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ ചകോർ ഘട്ടിൽ നിന്ന് അംഗദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൈകളും കാലുകളും കെട്ടിയ ശേഷം ആസിഡ് ഒഴിച്ച് മുഖം പൊള്ളിച്ച നിലയിലാണ് മൃതദേഹം. അംഗദിനെ കൊണ്ട് ആസിഡ് കുടിപ്പിച്ചതായും പൊലീസ് പറഞ്ഞു. ക്രൂരമായ കൊലപാതകത്തിന് ശേഷം കൊലയാളികൾ അംഗദിന്റെ മൃതദേഹം ഗംഗാ നദിയിൽ എറിഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.