നിലത്തേക്ക് കിടത്തി കഴുത്തിൽ കാൽ അമർത്തി പിടിച്ചു; അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ കറുത്ത വർഗക്കാരന് ദാരുണാന്ത്യം

Published by
Janam Web Desk

ഫ്‌ളോറിഡ: അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ കറുത്ത വർഗക്കാരന് ദാരുണാന്ത്യം. ഫ്രാങ്ക് ടൈസൺ എന്ന 53കാരനാണ് കൊല്ലപ്പെട്ടത്. 2020ൽ പൊലീസ് അതിക്രമത്തിനിരയായി കൊല്ലപ്പെട്ട ജോർജ്ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായ രീതിയിലാണ് ഫ്രാങ്ക് ടൈസണും കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഫ്രാങ്ക് അതിക്രമത്തിന് ഇരയാകുന്ന ബോഡി കാം ഫൂട്ടേജ് ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഏപ്രിൽ 18ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലാണ് ഒഹിയോ പൊലീസ് ഇയാളെ പിടികൂടുന്നത്.

കാർ ഇടിച്ച ശേഷം നിർത്താതെ പോയെന്നുള്ളതായിരുന്നു ഫ്രാങ്കിനെതിരായ ആരോപണം. പിന്നാലെ ഫ്രാങ്കിനെ ബാറിലെത്തിയാണ് പൊലീസ് പിടികൂടുന്നത്. അകത്തെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ ഫ്രാങ്കിനെ കീഴ്‌പ്പെടുത്തി വിലങ്ങ് വയ്‌ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ” അവർ എന്നെ കൊല്ലാൻ പോകുന്നു, ഷെരീഫിനെ വിളിക്കൂ” എന്നും ഫ്രാങ്ക് ഇതിനിടെ ആവർത്തിച്ച് പറയുന്നുണ്ട്.

വിലങ്ങ് അണിയിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരിൽ ഒരാൾ ഫ്രാങ്കിന്റെ കഴുത്തിൽ കാൽ അമർത്തുന്നത്. തനിക്ക് ശ്വാസം മുട്ടുന്നുണ്ടെന്നും, കാൽ മാറ്റണമെന്നും ഫ്രാങ്ക് ഇതിനിടെ കരഞ്ഞു പറയുന്നുണ്ട്. 30 സെക്കൻഡ് സമയത്തോളം പൊലീസ് ഉദ്യോഗസ്ഥൻ ഇയാളുടെ ദേഹത്ത് കാൽ അമർത്തി വയ്‌ക്കുന്നുണ്ട്. ഉദ്യോഗസ്ഥൻ എഴുന്നേൽക്കുമ്പോൾ ഫ്രാങ്ക് അനക്കമില്ലാതെ കിടക്കുകയായിരുന്നു. പൊലീസുകാർ  ഫ്രാങ്കിന്റെ പൾസ് നോക്കുന്നതും, സിപിആർ കൊടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ഉടൻ തന്നെ ആംബുലൻസ് വിളിച്ചുവരുത്തി ഫ്രാങ്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബ്യൂ ഷോനെറ്റ്, കാംഡൺ ബർച് എന്നിവരെ അന്വേഷണ വിധേയമായി നിർബന്ധിത അവധിയിൽ വിട്ടിരിക്കുകയാണ്. വാഹനാപകടം ഉണ്ടായ വിവരം ഒരു ദൃക്‌സാക്ഷിയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. പ്രതി ബാറിലേക്ക് പോയതായും ഇയാൾ പൊലീസിനെ അറിയിച്ചിരുന്നു. ബാറിലെത്തിയ പൊലീസ് തെളിവുകൾ ശേഖരിക്കുന്നതിന് മുൻപ് തന്നെ ഫ്രാങ്കിനെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.

Share
Leave a Comment