ജേക് ഫ്രേസർ..ഈ പേര് മുംബൈ അടുത്തെങ്ങും മറക്കാനിടയില്ല. ഏഴോവറിനിടെ മുംബൈ ബൗളർമാരെ നക്ഷത്രമെണ്ണിച്ച പ്രകടനമായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റേത്. വന്നവരു നിന്നവരും പോയവരും അടിച്ചുതകർത്ത മത്സരത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് ഡൽഹി അടിച്ചുകൂട്ടിയത്.
27 പന്തിൽ 84 റൺസ് നേടിയ ഫ്രേസർ അടിച്ചതിൽ ഏറിയ പങ്കും ബൗണ്ടറികളായിരുന്നു. 6 സിക്സും 11 ഫോറുമടക്കമായിരുന്നു സ്കോറിംഗ്. അഭിഷേക് പോറലിനൊപ്പം ചേർത്തത് 114 റൺസ്.പീയുഷ് ചൗളയാണ് ഫ്രേസറെ പുറത്താക്കി മുംബൈക്ക് ആശ്വാസം പകർന്നത്. എന്നാൽ ഇതിന് അധിക നേരത്തെ ആശ്വാസമുണ്ടായിരുന്നില്ല. വന്നപാടെ അടി തുടങ്ങിയ ഷായ് ഹോപ്പും ക്യാപ്റ്റൻ പന്തും റണ്ണൊഴുക്കിന് കോട്ടം തട്ടാതെ സ്കോർ ബോർഡ് ചലിപ്പിച്ചു. 24 പന്തിൽ 53 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പോറൽ (36), പന്ത് (29), ഹോപ്പ് (41) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ട്രിസ്റ്റൺ സ്റ്റബ്സ്-ഋഷഭ് പന്ത് സഖ്യം 55 റൺസിന്റെ കൂട്ടുക്കെട്ടും ഉയർത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച സ്റ്റബ്സ് (25 പന്തിൽ 48), അക്സർ പട്ടേൽ (6 പന്തിൽ 11) എന്നിവർ ചേർന്ന് സ്കോർ 250 കടത്തി. ലുക്ക് വുഡ് 68 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. കൂട്ടത്തിൽ ബുമ്രയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.35 റൺസ് മാത്രമാണ് താരം വിട്ടു നൽകിയത്. പീയുഷ് ചൗള, ബുമ്ര, മുഹമ്മദ് നബി എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. രണ്ടോവർ മാത്രമെറിഞ്ഞ നായകൻ ഹാർദിക് പാണ്ഡ്യ 41 റൺസാണ് വഴങ്ങിയത്.