തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടം വിഫലമായ ആവേശപ്പോരിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. മത്സരഫലം തുലാസിൽ എന്നപോലെ മാറിമറിഞ്ഞപ്പോൾ ഭാഗ്യം ഡൽഹിയെയാണ് തുണച്ചത്. ബാറ്റർമാർ അരങ്ങുവാണ മത്സരത്തിൽ ബൗളർമാർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 500 ലെറെ പിറന്ന മത്സരമായിരുന്നു ഡൽഹിയിലേത്. സീസണിലെ ആറാം തോൽവി വഴങ്ങിയ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളും ഏറെകുറെ മങ്ങിയ അവസ്ഥയിലാണ്. സ്‌കോർ: ഡൽഹി 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 257 റൺസ്. മുംബൈ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 247.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ നിരയിൽ തിലക് വർമ്മയാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. 32 പന്തിൽ 4 ഫോറും 4 സിക്‌സും ഉൾപ്പെടെ 63 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. റണ്ണൗട്ടിൽ തിലക് വർമ്മയുടെ പുറത്താകലാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ഇഷാൻ കിഷൻ(20), സൂര്യകുമാർ യാദവ്(26), ഹാർദിക് പാണ്ഡ്യ(46), ടിം ഡേവിഡ്(37) എന്നിവരും പൊരുതി നോക്കി. രോഹിത് ശർമ്മ(8), നേഹൽ വധേര(4), മുഹമ്മദ് നബി(7), പീയുഷ് ചൗള(10) എന്നിവർ മത്സരത്തിൽ നിറം മങ്ങി.
റാസിഖ് സലാമും മുകേഷ് കുമാറും ഡൽഹിക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്‌ത്തി. 27 പന്തിൽ 84 റൺസ് അടിച്ചുകൂട്ടിയ ജേക്ക് ഫ്രേസർ മക്ഗുർക്കാണ് ഡൽഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. 11 ഫോറും 6 സിക്‌സുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ആറു പോയിന്റുള്ള മുംബൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഡൽഹി ക്യാപിറ്റൽസ് അഞ്ചാമതുണ്ട്.