കൊൽക്കത്ത: സന്ദേശ്ഖാലിയിൽ നടന്ന സിബിഐ റെയ്ഡിൽ തൃണമൂൽ കേന്ദ്രങ്ങളിൽ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആരോപണങ്ങളുമായി മമത ബാനർജി രംഗത്തെത്തി. സന്ദേശ്ഖാലിയിൽ നടന്ന സ്ത്രീപീഡനക്കേസുകളിലെ പ്രതിയായ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ ന്യായീകരിച്ച മമത, ജയിലിൽ കിടക്കുന്ന ഷെയ്ഖ് ഷാജഹാനെതിരെ തെളിവുകളുണ്ടാക്കാനുള്ള ശ്രമമാണ് സിബിഐ നടത്തുന്നതെന്നാരോപിച്ചു.
പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ നടത്തിയ റെയ്ഡ് അശാസ്ത്രീയമാണെന്നും ടിഎസിക്കെതിരായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് മമതയുടെ വാദം. ആയുധങ്ങളും ബോംബുകളും സിബിഐ വീടുകളിൽ വച്ചതാണെന്നാണ് മമത ആരോപിക്കുന്നത്. അശാസ്ത്രീയ പരിശോധന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയതായും മമത പറഞ്ഞു.
” ക്രമസമാധാനപരിരപാലനം പൂർണമായും സംസ്ഥാന സർക്കാരിന്റെ അധികാരത്തിൽ വരുന്നതാണ്. റെയ്ഡ് നടത്തുന്നതിന് മുമ്പ് തങ്ങൾക്കോ പൊലീസുകാർക്കോ മുന്നറിയിപ്പ് നൽകണം. അത് അവർ ചെയ്തില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സിബിഐ ആയുധങ്ങൾ രഹസ്യമായി സ്ഥാപിച്ചതാണെന്ന് സംശയിക്കുന്നു.” – മമത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സന്ദേശ്ഖാലിയിൽ സിബിഐ റെയ്ഡ് നടത്തിയത്. ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാന്റെ അടുത്ത സുഹൃത്തുക്കളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ തലീബ് എന്നയാളുടെ വീട്ടിൽ നിന്ന് ബോംബുകളും ആയുധങ്ങളും കണ്ടെത്തുകയായിരുന്നു.
ജനുവരി 5ന് ഷെയ്ഖ് ഷാജഹാൻ ഉൾപ്പെട്ട സംഘം ഇഡിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം തുടർന്ന് വരികയാണ്. ഇതിനിടയിൽ സിബിഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോക്കുക്കളും ബോംബുകളും കണ്ടെത്തിയത്. ലൈംഗികാതിക്രമ കേസുകളിലും ഭൂമിത്തട്ടിപ്പിലും നിലവിൽ ജയിലിലാണ് ഷെയ്ഖ് ഷാജഹാൻ.