ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന ‘കല്‍ക്കി 2898 എഡി’. എന്നാലിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചിരിക്കുന്ന വിവരമാണ് അണിയറപ്രവർത്തകർ പങ്കുവക്കുന്നത്. ജൂൺ 27-ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് വിവരം.
മെയ് ഒമ്പതിന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. മഹാഭാരത കാലത്ത് നിന്നാണ് കഥ തുടങ്ങുന്നത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ മിത്തോളജി ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നിരുന്നു. അശ്വത്ഥാമാവിന്റെ വേഷത്തിൽ അമിതാഭ് ബച്ചന്റെ ചിത്രമാണ് പോസ്റ്റിലറിലുണ്ടായിരുന്നത്.
ചിത്രത്തിൽ വളരെ വ്യത്യസ്തമായ വേഷത്തിലാണ് പ്രഭാസ് എത്തുക. ദീപിക പദുകോൺ ആണ് കൽക്കിയിലെ നായിക. പ്രഭാസ് സൂപ്പർ ഹീറോയായി എത്തുന്ന ചിത്രത്തിൽ കമൽഹാസൻ, ദിഷാ പഠാനി, തമിഴ് താരം പശുപതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് കൽക്കിയിലെ ഗാനങ്ങൾ ഒരുക്കുന്നത്.
സി അശ്വനി ദത്താണ് ചിത്രത്തിന്റെ നിർമാതാവ്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് കൽക്കി നിർമിക്കുന്നത്. ഒരു മിനിറ്റും 23 സെക്കന്റുമുള്ള ടീസർ ഉടൻ പുറത്തുവരുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.