കൊൽക്കത്ത: ബംഗാളിൽ ബിജെപി വനിതാ നേതാവിന് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം. ആക്രമണത്തിൽ വനിതാ നേതാവിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു.
കസ്ബ മഹിളാ മണ്ഡലം പ്രസിഡന്റ് സരസ്വതി സർക്കാരിനാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണമത്തിൽ പരിക്കേറ്റത്. ഇലക്ഷൻ ബാനറുകളും തോരണങ്ങളും കെട്ടുന്നതിനിടെ തൃണമൂൽ ഗുണ്ടകൾ മാരക ആയുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സരസ്വതി പറയുന്നു. ദക്ഷിണ കൊൽക്കത്തയിലെ ആനന്ദപൂർ പ്രദേശത്ത് വച്ച് രാത്രി 11: 30 ഓട് കൂടിയായിരുന്നു സംഭവം.
സമൂഹമാദ്ധ്യമങ്ങളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സരസ്വതി സർക്കാരിന്റെ തലയ്‌ക്ക് പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന ദൃശ്യങ്ങളും മറ്റൊരു വീഡിയോയിൽ റോഡിലൂടെ മാരകായുധങ്ങളുമായി നടന്നു നീങ്ങുന്ന തൃണമൂൽ ഗുണ്ടകളെയും കാണാം. പരിക്കുകളുമായി ആശുപത്രിയിൽ ചികിത്സ തേടിയ സരസ്വതി സംഭവത്തിൽ തൃണമൂൽ ഗുണ്ടകൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ബിജെപി പ്രവർത്തകർ ആനന്ദപൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ആക്രമണത്തിന്റെ വിശദാംശങ്ങൾ സരസ്വതിയുമായി സംസാരിച്ചതായി സ്‌മൃതി പറഞ്ഞു. സൗത്ത് കൊൽക്കത്തയിൽ നടക്കുന്ന ക്രൂരത ഇതാണെങ്കിൽ സന്ദേശ് ഖാലിയിൽ അരങ്ങേറിയ കൊടും ക്രൂരതകൾ ഓർക്കുമ്പോൾ തന്നെ വിറയ്‌ക്കുന്നുവെന്ന് അവർ എക്‌സിൽ കുറിച്ചു. ബംഗാളിൽ ഒരു സ്ത്രീയും സുരക്ഷിതരല്ലെന്ന് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.















