ന്യൂഡൽഹി: കരുത്താർജ്ജിച്ച് ഇന്ത്യയുടെ ഔഷധ കയറ്റുമതി മേഖല. 2023-24-ൽ ഇന്ത്യയുടെ ഔഷധ കയറ്റുമതിയിലൂടെ 2.32 ലക്ഷം കോടി രൂപയാണ് രാജ്യം സമാഹരിച്ചത്. 9.67 ശതമാനം വളർച്ചയാണ് കൈവരിച്ചരിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുൻ വർഷത്തിൽ ഇത് 2.11 ലക്ഷം കോടിയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം അമേരിക്ക, ബ്രിട്ടൺ, നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ മരുന്നുകൾ കയറ്റുമതി ചെയ്തത്. 31 ശതമാനവും അമേരിക്കയിലേക്കാണ്. മൂന്ന് ശതമാനം വീതം പങ്കാളിത്തമാണ് ബ്രിട്ടണും നെതർലൻഡ്സിനുമുള്ളത്. മോണ്ടിനെഗ്രോ, ദക്ഷിണ സുഡാൻ, പ്രൂണൈ, ലാത്വിയ, അയർലൻഡ്സ്, സ്വീഡൻ, എത്യോപ്യ, ഹെയ്തി തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലേക്ക് കഴിഞ്ഞവർഷം ഇന്ത്യ കയറ്റുമതി തുടങ്ങിയിട്ടുണ്ട്.
ഉത്പാദനത്തിന്റെ അളവിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനവും മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 13-ാം സ്ഥാനവുമാണ് നിലവിൽ ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ ഔഷധക്കയറ്റുമതിയിൽ ഇപ്പോഴത്തെ നിരക്ക് തുടർന്നാൽ 2030 ആകുമ്പോഴേക്കും 10.79 ലക്ഷം കോടിയുടേതാകുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.
ഗുണമേന്മയുള്ള വിലകുറഞ്ഞ ജെനറിക് മരുന്നുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ് ഇന്ത്യയെ മറ്റു രാജ്യങ്ങൾക്ക് പ്രിയങ്കരമാക്കുന്നത്. 50-ലധികം ചികിത്സാ വിഭാഗങ്ങളിലായി 60,000-ത്തിലധികം ജെനറിക് മരുന്നുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്.















