ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന് സംവിധാനം ചെയ്ത ‘ആവേശം’ ഉയർത്തിയ ചർച്ചകൾ സിനിമാ ലോകത്ത് അവസാനിക്കുന്നില്ല. തിയേറ്ററിലെത്തിയ ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഫഹദിന്റെ കഥാപാത്രമായ രംഗണ്ണനേയും പിള്ളേരെയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിൽ മാത്രം 60 കോടിയാണ് ചിത്രം നേടിയത്. ആഗോള ബോക്സോഫീസിലും 120 കോടി കടന്ന് വിജയയാത്ര തുടരുകയാണ് ആവേശം.
പ്രേക്ഷകരുടെ ആവേശം ഒട്ടും കുറയ്ക്കാതെ ചിത്രത്തിന്റെ വീഡിയോ ഗാനമാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ‘അർമാദം’ എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പുറത്തുവന്നത്. ഫഹദ് ഫാസിലാണ് ഗാനം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. രംഗണ്ണൻ എന്ന കഥാപാത്രത്തിന്റെ ബെർത്ത്ഡേ പാർട്ടിയിലെ ആഘോഷങ്ങളാണ് വീഡിയോയിലുള്ളത്.
ജിത്തുവിന്റെ രോമാഞ്ചം എന്ന സിനിമയിൽ കണ്ട അതേ എനർജിയും ആവേശവുമൊക്കെ ഈ ചിത്രത്തിലുമുണ്ട്. ബെംഗളൂരുവിൽ വാടക വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് രോമാഞ്ചം പറഞ്ഞതെങ്കിൽ, കോളേജ് ഹോസ്റ്റലിലെ കുറച്ചു വിദ്യാർത്ഥികളുടെ പ്രശ്നങ്ങളാണ് ആവേശം പറയുന്നത്. അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിർമിച്ചത്.
കോമഡിക്കും ആക്ഷൻ സീനുകൾക്കും പ്രധാന്യം നൽകിയ ചിത്രം യുവതലമുറയാണ് ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച അഭിപ്രായം നേടി ചിത്രം തിയേറ്ററുകളിൽ വിജയകുതിപ്പ് തുടരുകയാണ്.