എറണാകുളം: വൈദ്യുതി കുടിശികയെ തുടർന്ന് കൊച്ചി കോർപ്പറേഷൻ ഫോർട്ടുകൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. കൊടുംചൂടിലും ഉഷ്ണതരംഗത്തിലും വലയുന്നതിനിടെയാണ് ജീവനക്കാരെ പുഴുക്കിയിരുത്തുന്ന കെഎസ്ഇബിയുടെ നടപടി. സോണൽ ഓഫീസിനോട് ചേർന്നുള്ള ഹെൽത്ത് ഓഫീസ് ,കുടുബശ്രീ ഓഫീസ് എന്നിവയുടെയും ഫ്യൂസുകൾ വൈദ്യുതി വകുപ്പ് ഊരിമാറ്റി. ഫാൻ പോലും ഇടാൻ പറ്റാത്ത അവസ്ഥയാണുള്ളത്. രണ്ട് ലക്ഷം രൂപയുടെ കുടിശിക ഉണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഫ്യൂസ് ഊരിയതോടെ വിവിധ നികുതികൾ അടക്കമുള്ളവ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയായി.
പണമടച്ച് വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയതായി കൊച്ചി കോർപ്പറേഷൻ അറിയിച്ചു. പണമില്ലാത്തതല്ല ബില്ല് അടക്കാതിരിക്കാൻ കാരണമെന്നും സാങ്കേതിക തടസങ്ങളെ തുടർന്ന് വൈകിയതാണെന്നും വൈകാതെ പരിഹരിക്കുമെന്നും മേയർ എം അനിൽകുമാർ വ്യക്തമാക്കി.
വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഉപയോഗത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കെഎസ്ഇബി രംഗത്തെത്തി. അപ്രഖ്യാപിത പവർകട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു.