ഹൈദരാബാദ്: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിൽ രേവന്ത് റെഡി ഇരട്ട നികുതികൾ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. RRR പോലുള്ള ബ്ലോക്ക്ബസ്റ്റർ സിനിമകൾ ഇന്ത്യയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും എന്നാൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ RR ( രേവന്ത് റെഡി) ജനങ്ങളിൽ നിന്ന് ആവശ്യത്തിൽ കൂടുതൽ നികുതി പിരിച്ച് ഡൽഹിയിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. സാഹിറാബാദിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” തെലങ്കാനയുടെ മണ്ണിൽ നിന്ന് വന്ന RRR പോലുള്ള സിനിമകൾ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ യശസ് ഉയർത്തി. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന ഇന്ന് ഇവിടെയുള്ള ജനങ്ങളെ കൊള്ളയടിക്കുന്നു. RR ആളുകളിൽ ഇരട്ട നികുതികൾ ചുമത്തുന്നു. ഇതിൽ നിങ്ങളെല്ലാവരും വിഷമിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. വൈകാതെ പരിഹാരം കണ്ടെത്തും.”- പ്രധാനമന്ത്രി പറഞ്ഞു.
ബിആർഎസ് തെലങ്കാനയെ കൊള്ളയടിച്ചു. കാളേശ്വരം കുംഭകോണം കേസ് അന്വേഷിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് ഇന്ന് ഫയലുകൾ മൂടി വയ്ക്കാൻ പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സത്രീ സുരക്ഷയും ബാങ്ക് സുരക്ഷയും തെരഞ്ഞെടുക്കാൻ കോൺഗ്രസിനോട് പറയുകയാണെങ്കിൽ കോൺഗ്രസ് ബാങ്ക് സുരക്ഷ എന്നായിരിക്കും പറയുക. കാരണം കോൺഗ്രസിനെ സംബന്ധിച്ച് അവരുടെ ബാങ്ക് സുരക്ഷ തന്നെയാണ് പ്രധാനപ്പെട്ട കാര്യമെന്നും എന്നാൽ ബിജെപിയെ സംബന്ധിച്ച് സ്ത്രീ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പ്രീണന നയങ്ങളും, കൊള്ളയടിക്കലുമാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ തെലങ്കാനയിലെ ജനങ്ങൾക്ക് കോൺഗ്രസിന്റെ കപടമുഖം വ്യക്തമായിരിക്കുന്നു. ഒരിക്കൽ കൂടി ഇവിടുത്തെ ജനങ്ങൾ ഇനി കോൺഗ്രസിന് അവസരം നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.