ന്യുഡൽഹി: ഗഗൻയാൻ ദൗത്യത്തിൽ സങ്കീർണമായ എയർഡ്രോപ്പ് പരീക്ഷണത്തിന് ഒരുങ്ങി ഐഎസ്ആർഒ. ഇന്റഗ്രേറ്റഡ് എയർഡ്രോപ്പ് ടെസ്റ്റ് എന്ന പരീക്ഷണം വരും ദിവസങ്ങളിൽ നടക്കുമെന്നാണ് സൂചന. സാധാരണ അന്തരീക്ഷത്തിൽ ക്രൂ മൊഡ്യൂളിലെ പാരച്യൂട്ട് സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയാണ് ഇതിൽ വിലയിരുത്തുക.
പാരച്യൂട്ടുകൾ പൂർണമായി തുറക്കാതിരിക്കുന്നതും തുറക്കാൻ വൈകുന്നതുമായ സാഹചര്യങ്ങളിൽ പ്രതിവിധി വിലയിരുത്തും. ഒരു പാരച്യൂട്ട് മാത്രം തുറക്കാതിരുന്നാലോ രണ്ട് പാരച്യൂട്ടുകളും ഒരുപോലെ തുറക്കാതിരുന്നാൽ ഉളള അവസ്ഥയും തുറക്കാൻ വൈകുന്ന സാഹചര്യവും പരിശോധിക്കും.
ചിനൂക് ഹെലികോപ്ടറിൽ 4-5 കിലോമീറ്റർ ഉയരത്തിൽ നിന്ന് ക്രൂ മൊഡ്യൂൾ കടലിലേക്ക് ഇട്ടായിരിക്കും പരീക്ഷണം. മൂന്ന് ബഹിരാകാശ യാത്രികർക്ക് സഞ്ചരിക്കാവുന്ന ക്യാബിൻ ഉൾപ്പെടെയാണ് ക്രൂ മൊഡ്യൂളിലുളളത്. കടലിൽ പതിക്കുന്ന മൊഡ്യൂൾ വീണ്ടെടുക്കുന്നതും പരീക്ഷണത്തിൽ നിർണായകമാണ്. കടലിൽ വീണ ഉടൻ നാവികസേനയുടെ മറ്റൊരു ഹെലികോപ്ടർ മൊഡ്യൂൾ ലൊക്കേറ്റ് ചെയ്യുകയും വീണ്ടെടുക്കുകയുമാണ് ചെയ്യുന്നത്.
എത്ര പരീക്ഷണങ്ങൾ വേണ്ടി വരുമെന്ന കാര്യത്തിൽ കൃത്യമായി ഇപ്പോൾ പറയാനാകില്ലെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ പറയുന്നു.ഓരോ പരീക്ഷണങ്ങളുടെയും പുരോഗതിയും ഫലവും വിലയിരുത്തിയ ശേഷമാകും കൂടുതൽ പരീക്ഷണങ്ങൾ നിശ്ചയിക്കുക. കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ആദ്യ ടെസ്റ്റ് വെഹിക്കിള്‍ ദൗത്യത്തില്‍ സമുദ്രത്തില്‍ വീണ പേടകം തലകീഴായാണ് കിടന്നത്. അതുകൊണ്ടു തന്നെ ഇത്തവണ പരീക്ഷണത്തിന് വലിയ പ്രാധാന്യമാണ് ഐഎസ്ആർഒ നൽകുന്നത്.
ഗഗൻയാൻ ദൗത്യത്തിൽ യാത്രികരെ ബഹിരാകാശത്ത് എത്തിക്കുന്നതിനും തിരികെ എത്തിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയതാണ് ക്രൂ മൊഡ്യൂൾ.















