ന്യൂഡൽഹി: ആം ആദ്മിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിയിൽ നിന്ന് രാജിവച്ച എംഎൽഎമാരായ നസീബ് സിംഗും നീരജ് ബസോയും. ഇത്രനാളും കോൺഗ്രസിനെ ശക്തമായി വിമർശിച്ച പാർട്ടിക്കാരുമായി ഇപ്പോൾ സഖ്യമുണ്ടാക്കിയത് എന്തിനാണെന്നും, പാർട്ടിയിലെ സാധാരണക്കാരായ പ്രവർത്തകർക്ക് ഒരിക്കലും ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും ഇരുവരും വ്യക്തമാക്കി. ഡൽഹിയിൽ ഷീലാ ദീക്ഷിതിന്റെ സർക്കാരിനെതിരെയും കേന്ദ്രത്തിലെ യുപിഎ സർക്കാരിനെതിരെയും തുടർച്ചയായി വ്യാജപ്രചരണം നടത്തിയവരാണ് ആം ആദ്മി എന്നത് മറന്നു പോകരുതെന്നും ഇരുവരും പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാറിന്റേയും ഉദിത് രാജിന്റേയും സ്ഥാനാർത്ഥിത്വത്തിനെതിരെയും നസീബ് സിംഗും നീരജ് ബസോയും വിമര്‍ശനം ഉന്നയിച്ചു. കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരല്ല ഇവരെന്നും നസീബും നീരജും ആരോപിക്കുന്നു. ” ഷീലാ ദീക്ഷിത് സർക്കാരിന്റെ ഭാഗമായിരുന്ന 30-35ഓളം വരുന്ന മുതിർന്ന നേതാക്കൾ ആംആദ്മിയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ ശക്തമായി തന്നെ എതിർത്തവരാണ്. ഞങ്ങൾക്കെതിരെ അങ്ങേയറ്റം മോശം ഭാഷ ഉപയോഗിച്ച് സംസാരിച്ച പാർട്ടിയാണ് അവരുടേയത്. ഷീല ദീക്ഷിതിനേയും സോണിയ ഗാന്ധിയേയും ജയിലിൽ അയയ്‌ക്കുമെന്ന് പ്രതിജ്ഞ എടുത്തവരാണ് അവർ. രാജീവ് ഗാന്ധിക്ക് ഭാരതരത്‌ന നൽകിയത് ഒഴിവാക്കണമെന്ന് പോലും ഇക്കൂട്ടർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഞങ്ങൾ പറയുന്നത് ഒന്നും കേൾക്കാതെയാണ് ഹൈക്കമാൻഡ് സഖ്യത്തിലേർപ്പെടാൻ തീരുമാനിക്കുന്നത്. കനയ്യ കുമാറും ഉദിത് രാജും കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരല്ല. ഇത്രനാൾ കോൺഗ്രസിനെതിരെ മോശം ഭാഷ ഉപയോഗിച്ച ഒരാൾക്ക് വേണ്ടി പ്രചാരണം നടത്തണമെന്നാണ് പ്രവർത്തകരോട് പാർട്ടി ഇപ്പോൾ ആവശ്യപ്പെടുന്നത്. സോണിയ ഗാന്ധി നേതൃസ്ഥാനം വിട്ടതിന് ശേഷം പാർട്ടിക്കുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല.
തിഹാർ ജയിലിൽ കിടന്ന് കൊണ്ട് അരവിന്ദ് കെജ്‌രിവാളാണ് ഇപ്പോൾ ഡൽഹി കോൺഗ്രസ് കമ്മിറ്റിയെ നയിക്കുന്നത്. അധികാര മോഹത്തിൽ അധപതിക്കുന്ന പാർട്ടിയായി ഇന്ന് കോൺഗ്രസ് മാറി. ആം ആദ്മിയുമായി സഖ്യമുണ്ടാക്കിയത് എന്തുകൊണ്ടും തെറ്റായ തീരുമാനം മാത്രമാണ്. മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് അയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കെജ്‌രിവാൾ അഴിമതിക്കാരനാണെന്ന് കഴിഞ്ഞ പത്ത് വർഷമായി വിളിച്ച് പറയുന്നവരാണ് ഞങ്ങൾ. എന്നിട്ടും ഈ സഖ്യത്തിന്റെ പേരിൽ എന്ത് ന്യായീകരണമാണ് നിങ്ങൾ നൽകുന്നത്? ഇത് ജനങ്ങൾ എങ്ങനെ മനസിലാക്കുമെന്നും” ഇരുവരും ചോദിക്കുന്നു.