ഇന്ത്യയുടെ യശസ്സ് ചന്ദ്രനോളം ഉയർത്തി വിശ്രമത്തിലാണ് ചന്ദ്രയാന്റെ ലാൻഡറും റോവറും. ചന്ദ്രന്റെ ഉപരിതലത്തിൽ ഉറങ്ങുന്ന വിക്രം ലാൻഡറിന്റെയും പ്രഗ്യാൻ റോവറിന്റെയും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സ്വതന്ത്ര ഗവേഷകൻ.
മാർച്ച് 15-ന് എടുത്ത ചിത്രങ്ങൾ സ്വതന്ത്ര ഗവേഷകനായ ചന്ദ്ര തുംഗതുർത്തിയാണ് എച്ച്ഡി ക്വാളിറ്റിയിൽ പുനഃനിർമിച്ചിച്ചത്. 2023 ഓഗസ്റ്റ് 23-ന് ചരിത്രപരമായ ലാൻഡിംഗിന് തൊട്ടുപിന്നാലെ ഇസ്രോ പങ്കിട്ട ചിത്രങ്ങളേക്കാൾ വളരെ വിശദമായി ചന്ദ്രോപരിത്തലത്തെ ചിത്രീകരിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നു.
65 കിലോമീറ്റർ ഉയരത്തിൽ 17 സെന്റിമീറ്റർ റെസല്യൂഷനിലാണ് പുതിയ ചിത്രങ്ങളെടുത്തിരിക്കുന്നത്. സോഫ്റ്റ് ലാൻഡിംഗിൻറെ ആദ്യഘട്ടത്തിൽ ഇസ്രോ പങ്കുവച്ച ചിത്രം 100 കിലോമീറ്റർ ഉയരത്തിൽ 26 സെന്റീമീറ്റർ റെസല്യൂഷനിലായിരുന്നു. പുതിയ ചിത്രം വളരെ മികവുറ്റതായതി കൊണ്ട് ചന്ദ്രന്റെ ഉപരിതലത്തിൽ ചക്രം പതിപ്പിച്ച് നീണ്ട ഉറക്കത്തിലുള്ള റോവറിനെ വ്യക്തമായി കാണാൻ സാധിക്കുന്നു.
ഇസ്രോ ഓഗസ്റ്റ് 23-ന് പങ്കിട്ട ചിത്രമാണ് ഇടത് വശത്ത്. ചന്ദ്ര തുംഗതുർത്തി നിർമ്മിച്ച ചിത്രമാണ് വലതുവശത്ത് നൽകിയിരിക്കുന്നത്.

Vikram and Pragyan: India’s lunar ambassadors, now captured in images by #Chandrayaan2 OHRC. latest image released by @isro shows it completely deployed and lying beside the lander. This new image was captured at an ultra-high resolution of 17cm! more details on my blog below👇 pic.twitter.com/UhhEGUijAR
— Chandra (tckb) (@this_is_tckb) May 2, 2024
2023 ഓഗസ്റ്റ് 23-നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ഇറങ്ങിയത്. ദക്ഷിണ മേഖലയിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യത്തെ രാജ്യമായും ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറി. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും 14 ഭൗമദിനങ്ങളാണ് ചന്ദ്രനിൽ ചുറ്റി നടന്ന് വിവരങ്ങൾ ശേഖരിച്ചത്. ചന്ദ്രനെ കുറിച്ചുള്ള പഠനങ്ങൾക്ക് ബൃഹത്തായ സംഭവാനകൾ നൽകിയതിന് ശേഷമാണ് വിക്രവും പ്രഗ്യാനും ഗാഢനിദ്രയിലായത്.















