അത്യന്തം ആവേശം അലയടിച്ച മത്സരത്തിൽ രാജസ്ഥാനെ ഒരു റൺസിന് വീഴ്‌ത്തി ഹൈദരാബാദ്. പാറ്റ് കമ്മിൻസ്, നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനമാണ് ആതിഥേയർക്ക് ജയം സമ്മാനിച്ചത്. ഭുവനേശ്വർ കുമാറിന്റെ അവസാന പന്ത് ഫുൾ ടോസായിരുന്നു. ഇത് മിസാക്കിയ റോവ്മാൻ പവൽ എൽബിയിൽ കുടുങ്ങി പുറത്താവുകയായിരുന്നു. പിന്നാലെയാണ് രാജസ്ഥാൻ സീസണിലെ രണ്ടാം തോൽവി വഴങ്ങിയത്. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
രാജസ്ഥാന്റെ തുടക്കം ഞെട്ടലോടെയായിരുന്നു. ആദ്യ ഓവറിൽ ബട്ലറെയും സഞ്ജുവിനെയും ഡക്കാക്കിയാണ് ഭുവനേശ്വർ രാജസ്ഥാനെ ഞെട്ടിച്ചത്. ഓവറിലെ രണ്ടാം പന്തിൽ ജോസ് ബട്ലറെയും(0), അഞ്ചാം പന്തിൽ നായകൻ (0) സഞ്ജുവിനെയും റോയൽസിന് നഷ്ടമായി. പിന്നാലെ ക്രീസിലൊന്നിച്ച യശസ്വി ജയ്സ്വാൾ- റിയാൻ പരാഗ് കൂട്ടുകെട്ട് സ്കോർ ബോർഡ് ചലിപ്പിച്ചു. 134 റൺസാണ് ഇരുവരും ഇന്നിംഗ്സിലേക്ക് അടിച്ചുകൂട്ടിയത്. ജയ്സ്വാളിനെ പുറത്താക്കി (67) നടരാജനാണ് അപകടകരമായ കൂട്ടുകെട്ട് പൊളിച്ചത്. ഹെറ്റ് മെയറുമായി ചേർന്ന് റിയാൻ പരാഗ് തകർത്തടിച്ചെങ്കിലും താരവും ഉടൻ തന്നെ മടങ്ങി. 77 റൺസെടുത്ത പരാഗിന്റെ വിക്കറ്റ് പാറ്റ് കമ്മിൻസിനാണ്. 13 റൺസുമായി ഹെറ്റ് മെയറും, ധ്രുവ് ജുറേലും (1), റോവ്മാൻ പവൽ(27) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. രണ്ട് റൺസുമായി രവിചന്ദ്ര അശ്വിൻ പുറത്താകാതെ നിന്നു.
ഭുവനേശ്വറിന് മൂന്ന് വിക്കറ്റ് കിട്ടയപ്പോൾ രണ്ടുപേരെ വീതം കൂടാരം കയറ്റി നടരാജനും പാറ്റ് കമ്മിൻസും തിളങ്ങി. ട്രാവിസ് ഹെഡും(58) നിതീഷ് കുമാർ റെഡ്ഡിയുമാണ്(76) ഹെെദരാബാദിന് വേണ്ടി തിളങ്ങിയത്. 44 പന്തിൽ നിന്ന് 6 ബൗണ്ടറിയും 3 സിക്സും ഉൾപ്പെടെ 58 റൺസാണ് ഹെഡ് നേടിയത്. 8 സിക്സും 3 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു നിതീഷിന്റെ ഇന്നിംഗ്സ്. ഹെന്റിച്ച് ക്ലാസന്റെ പ്രകടനവും ഇന്നിംഗ്സിൽ നിർണായകമായി. നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് ഹെെദരാബാദ് നേടിയത്.