പെൻസിൽവാനിയ: അമിത അളവിൽ ഇൻസുലിൻ ഡോസ് നൽകി 17 രോഗികളെ കൊലപ്പെടുത്തിയ യുഎസ് നഴ്സിന് ജീവപര്യന്തം. 41 കാരിയായ പിറ്റ്‌സ് ബർഗ് സ്വദേശി ഹീതർ പ്രെസ്‌ഡിക്കാണ് കോടതി മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2020 നും 2023 നും ഇടയിൽ 5 ആരോഗ്യ കേന്ദ്രങ്ങളിലായി 17 രോഗികളെയാണ് ഇവർ അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ച് കൊലപ്പെടുത്തിയത്.
ഇവരുടെ കുറ്റസമ്മത മൊഴി പ്രകാരം ഇരകൾക്ക് 43 മുതൽ 104 വയസ്സ് വരെ പ്രായമുണ്ട്. ഇതുകൂടാതെ 19 കൊലപാതക ശ്രമങ്ങളും ഇവർ നടത്തിയിട്ടുണ്ട്. 2023 മെയ് മാസത്തിൽ രണ്ട് നഴ്സിംഗ് ഹോം രോഗികളെ കൊല്ലുകയും ഒരാളെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രെസ്‌ഡി നടത്തിയ മറ്റു കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്.
സഹപ്രവർത്തകർ പ്രെസ്‌ഡിയുടെ പെരുമാറ്റത്തെ പലപ്പോഴും ചോദ്യം ചെയ്യുകയും രോഗികളോടുള്ള ഇവരുടെ അവഗണനയിൽ പരാതിപ്പെടുകയും ചെയ്തിരുന്നതായി അധികൃതർ പറയുന്നു. ആശുപത്രികളിൽ സ്റ്റാഫുകൾ കുറവുള്ള സാഹചര്യങ്ങളിലും രാത്രി സമയങ്ങളിലുമാണ് ഇവർ രോഗികളിൽ അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചിരുന്നത്. രോഗികളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ പ്രെഡ്‌സിക്കെതിരെ പല ആരോഗ്യ കേന്ദ്രങ്ങളും അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.