ജയ്പൂർ : രാജസ്ഥാനിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ‘യാഗകുണ്ഡം’ കണ്ടെത്തി . ഡീഗിലെ ബഹാജ് ഗ്രാമത്തിലെ കുന്നിൻ മുകളിൽ എ എസ് ഐ നടത്തിയ ഖനനത്തിലാണ് ‘യാഗകുണ്ഡം’ കണ്ടെത്തിയത് .
50 വർഷത്തിന് ശേഷമാണ് ഡീഗിൽ ഖനനം നടക്കുന്നത്. രാജസ്ഥാനിലെ ബ്രജ് മേഖലയിലെ പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ബഹാജ് ഗ്രാമത്തിലെ കുന്നിൻ മുകളിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി ഖനനം നടക്കുന്നത് . ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് യാഗം പോലുള്ള മതപരമായ ആചാരങ്ങൾ നടത്തിയിരുന്നതിന്റെ തെളിവുകളും ഖനനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
‘ 50 വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം, ബ്രജ് പ്രദേശത്ത് വലിയ തോതിൽ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഖനനത്തിൽ കണ്ടെത്തിയ തെളിവുകൾ വളരെ സവിശേഷമാണ്. ജോലി കുറച്ചുകാലം കൂടി തുടരും, ചില അവശിഷ്ടങ്ങൾ ഉൾപ്പെടെ മറ്റ് തെളിവുകൾ കണ്ടെത്താനുള്ള സാധ്യതയുണ്ട്.‘- ജയ്പൂർ ഡിവിഷനിലെ പുരാവസ്തു വകുപ്പ് സൂപ്രണ്ട് വിനയ് ഗുപ്ത പറഞ്ഞു.
ഖനനത്തിൽ, അസ്ഥികളിൽ നിന്ന് നിർമ്മിച്ച ഉപകരണങ്ങളും മൗര്യ കാലഘട്ടത്തിലെ പുരാതന കളിമൺ ശിൽപങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുഴികളിൽ യാഗമണ്ണ് അടങ്ങിയിട്ടുണ്ട് . കൂടാതെ വ്യത്യസ്ത ആകൃതിയിലുള്ള ചെറിയ പാത്രങ്ങൾ , തുണിയിൽ പൊതിഞ്ഞ ചെമ്പ് നാണയങ്ങൾ , ഇരുമ്പ് വസ്തുക്കൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ജയ്പൂർ ഡിവിഷനിലെ ആർക്കിയോളജി വകുപ്പ് മാസങ്ങൾക്ക് മുമ്പ് ഇവിടെ ഒരു സർവേ നടത്തിയിരുന്നു. സർവേയ്‌ക്ക് ശേഷം, ഖനനത്തിനുള്ള നിർദ്ദേശം എഎസ്ഐ ഡയറക്ടർ ജനറലിന് അയച്ചു . 2024 ജനുവരി 10 മുതലാണ് ഖനനം ആരംഭിച്ചത്.