ന്യൂഡൽഹി: ആഴ്ചകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധിയും അമേഠിയിൽ നിന്ന് കിഷോരി ലാൽ ശർമ്മയും മത്സരിക്കും. അമേഠിയിലും റായ്ബറേലിയിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
സമാജ്വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജന കരാറിന്റെ അടിസ്ഥാനത്തിൽ യുപിയിൽ 17 ലോക്‌സഭാ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ അമേഠിയും റായ്ബറേലിയും ഒഴികയെുള്ള എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അമേഠിയിൽ മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഇതിന് തയ്യാറായില്ല. ദിനേശ് പ്രതാപ് സിംഗിനെയാണ് ബിജെപി റായ്ബറേലിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
രാഹുലിന്റേയും സോണിയയുടേയും വിശ്വസ്തനാണ് അമേഠിയിൽ മത്സരിക്കാനിറങ്ങുന്ന കിഷോരി ലാൽ ശർമ്മ. സിറ്റിംഗ് എംപിയായ സ്മൃതി ഇറാനി തന്നെയാണ് ഇക്കുറിയും ഇവിടെ ബിജെപി സ്ഥാനാർത്ഥി. 2019ൽ രാഹുലിനെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി വിജയം നേടിയത്. പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കിഷോരി ലാൽ ശർമ്മയ്‌ക്ക് നറുക്ക് വീഴുന്നത്. മെയ് 20നാണ് രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്.
രാഹുൽ ഒരു പോരാളിയാണെന്നും, അദ്ദേഹത്തിന് ഒരിക്കലും പിന്നോട്ട് പോകാനാകില്ലെന്നുമാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യുപി കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് റായ് പ്രതികരിച്ചത്. ” രാഹുൽ ഗാന്ധി യുപിയിൽ മത്സരിക്കണമെന്ന് ഞങ്ങളെല്ലാവരും ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഒരു പോരാളിയാണ്. രാഹുലും കെ.എൽ.ശർമ്മയും ജനങ്ങൾക്കിടയിൽ ്പ്രവർത്തിക്കുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ അവർക്ക് പിന്മാറാൻ കഴിയില്ലെന്നുമാണ്” അജയ് റായ് പറയുന്നത്.















