പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനായി കൊൽക്കത്തയെ കുഞ്ഞൻസ്‌കോറിൽ ഒതുക്കി മുംബൈ ഇന്ത്യൻസ്. 169 റൺസ് നേടിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. നുവാൻ തുഷാരയുടെയും ജസ്പ്രീത് ബുമ്രയുടെയും ബൗളിംഗാണ് കൊൽക്കത്തയുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. വെങ്കടേഷ് അയ്യർ (70), മനീഷ് പാണ്ഡേ (42)യും നടത്തിയ ചെറുത്ത് നിൽപ്പാണ് ശ്രേയസ് അയ്യർക്കും സംഘത്തിനും ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയെ വിറപ്പിച്ചു കൊണ്ടാണ് മുംബൈ ബൗളർമാർ തുടങ്ങിയത്. ഇന്നിംഗ്‌സിന്റെ നാലാം പന്തിൽ ഫിൽ സാൾട്ടിനെ(5) പുറത്താക്കി നുവാൻ തുഷാര കൊൽക്കത്തയെ വിറപ്പിച്ചു. പിന്നാലെ ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ അംഗ്രിഷ് രഘുവൻഷി(13)യെയും നായകൻ ശ്രേയസ് അയ്യരെയും(6) മടക്കി റൺമല പടുത്തുയർത്താനുള്ള കെകെആറിന്റെ ശ്രമത്തെ തുഷാര തകർത്തു. വമ്പനടികാരൻ സുനിൽ നരെയ്‌നെയും(8) ടീമിന് ഉടൻ നഷ്ടമായി. ഏഴ് ഓവർ പൂർത്തിയാകും മുമ്പ് തന്നെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ കൊൽക്കത്ത തകർന്നു.
ആറാം വിക്കറ്റിൽ വെങ്കടേഷ് അയ്യർ- മനീഷ് പാണ്ഡേ സഖ്യം നടത്തിയ ചെറുത്ത് നിൽപ്പാണ് കൊൽക്കത്തയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് 83 റൺസാണ് ഇന്നിംഗ്‌സിലേക്ക് കൂട്ടിച്ചേർത്തത്. മനീഷിനെ പുറത്താക്കി അപകടകരമായ ഈ കൂട്ടുകെട്ട് പൊളിച്ചത് ഹാർദിക് പാണ്ഡ്യയാണ്. പിന്നീടെത്തിയ ആന്ദ്രെ റസ്സൽ ( 7), രമൺദീപ് സിംഗ് (2), മിച്ചൽ സ്റ്റാർക് (0) എന്നിവർക്കാർക്കും തിളങ്ങാനായില്ല. പത്താമനായി പുറത്തായ വെങ്കടേഷ് അയ്യരാണ് ടീം സ്‌കോർ 160 കടത്തിയത്.
മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുമ്ര, നുവാൻ തുഷാര എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ഹാർദിക് പാണ്ഡ്യ രണ്ടും പീയുഷ് ചൗള ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒരോവർ പിന്നിടുമ്പോൾ 16 റൺസ് എന്ന നിലയിലാണ്. 13 റൺസെടുത്ത ഓപ്പണർ ഇഷാൻ കിഷന്റെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. മിച്ചൽ സ്റ്റാർക്കിനാണ് താരത്തിന്റെ വിക്കറ്റ്.