ന്യൂഡൽഹി: വിജയിക്കാനുള്ള സാധ്യത ചെറിയ ശതമാനം എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിത്തിനിറങ്ങുമായിരുന്നുവെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പരാജയം ഉറപ്പിച്ചാണ് കോൺഗ്രസ് രാഹുലിനെ അമേഠിയിൽ മത്സരിപ്പിക്കാതിരുന്നത്.ഉത്തർപ്രദേശിൽ 80ൽ 79 സീറ്റുകളും ബിജെപിക്ക് വിട്ടു തന്നുവെന്നതിന്റെ സൂചനയാണിതെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് സ്മൃതി ഇറാനിയുടെ പരാമർശം.
” കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം, ഗാന്ധി കുടുംബം അമേഠിയിലെ പോരാട്ടത്തിൽ നിന്ന് പിന്മാറിയത് എല്ലാം വളരെ അധികം പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണെന്നാണ് ഞാൻ കരുതുന്നത്. എന്നെ സംബന്ധിച്ച് അമേഠിയിൽ അവർ പരാജയം സമ്മതിച്ച് പിന്മാറിയിരിക്കുകയാണ്. വിജയിക്കാനുള്ള ഒരു ചെറിയ കണികയെങ്കിലും ബാക്കി ഉണ്ടായിരുന്നുവെങ്കിൽ അമേഠിയിൽ അവർ എനിക്കെതിരെ പോരാട്ടത്തിന് ഇറങ്ങുമായിരുന്നു.
ഇത് ആദ്യമായല്ല രാഹുൽ ഒളിച്ചോടുന്നത്. 2019ൽ അമേഠിയിൽ പരാജയം ഉറപ്പിച്ചാണ് അദ്ദേഹം വയനാട്ടിലെത്തിയത്. ഇത്തവണ അമേഠിയിൽ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു എന്നത് മാത്രമാണ് ഇവിടെ വ്യത്യാസപ്പെട്ടിരിക്കുന്നത്. അമേഠിയിലെ യുദ്ധത്തിൽ നിന്ന് രണ്ടാം തവണയാണ് രാഹുൽ ഒഴിഞ്ഞുമാറുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേഠിക്ക് വേണ്ടി അവിടെ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. അമേഠിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് മനസിലാക്കിയത് കൊണ്ടാണ് അവിടുത്തെ ജനങ്ങൾ എന്നെ തിരഞ്ഞെടുത്തത്.
റായ്ബറേലിയിൽ വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കിൽ രാഹുൽ ഒരിക്കലും വയനാട്ടിൽ നിന്ന് മത്സരിക്കാൻ തയ്യാറാകുമായിരുന്നില്ല. അമേഠിയിൽ മത്സരിക്കാനില്ലെന്ന തീരുമാനം കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിച്ചത് പോലെയാണ് തോന്നിയത്. തോൽക്കുമെന്ന് സ്വയം പ്രഖ്യാപനം നടത്തിയത് പോലെയുള്ള പിന്മാറ്റമാണ് കണ്ടത്.
അപ്പോഴും രാഹുൽ ഒറ്റയ്‌ക്കല്ല ഈ മത്സരത്തിനിറങ്ങിയത്. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെയാണ് രാഹുൽ മത്സരിക്കുന്നത്. തനിച്ച് പോലുമല്ല, എന്നിട്ടും യുദ്ധം ചെയ്യാൻ കഴിയാത്ത വ്യക്തിയാണ് സ്വയം നേതാവെന്ന് പറയുന്നത്. കുടുംബത്തിന്റെ പേരിൽ മാത്രം ഉയർന്ന് വന്ന ഒരിക്കലും ജനങ്ങൾക്ക് വേണ്ടി പാർലമെന്റിനുള്ളിൽ സംസാരിക്കാത്ത വ്യക്തിയാണത്.
ഗാന്ധി കുടുംബത്തിന്റെ 50 വര്‍ഷത്തെ പാരമ്പര്യം വച്ച് നോക്കുമ്പോൾ അഞ്ച് വർഷം മാത്രം എംപിയായിട്ടുള്ള വ്യക്തിയാണ് ഞാൻ. അവർ കണ്ട നേതാക്കന്മാരേക്കാൾ ഈ അഞ്ച് വർഷം കൊണ്ട് അവിടുത്തെ ജനങ്ങൾ എന്നെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. 15 വർഷമായി അവിടെ ഹാജരാകാത്ത എംപിയായിരുന്നു രാഹുൽ. ജനങ്ങൾക്കായി പ്രവർത്തിക്കാത്ത ഒരു നേതാവിനെ അവർ തള്ളിക്കളഞ്ഞതിൽ അത്ഭുതപ്പെടാനില്ല. ആ പേടി ഇപ്പോഴും ഉള്ളത് കൊണ്ടാണ് കുടുംബത്തിന്റെ സ്വന്തം ഇടമായി പറയുന്ന അവിടെ നിന്നും രാഹുൽ വീണ്ടും പിന്മാറിയതെന്നും” സ്മൃതി ഇറാനി പറഞ്ഞു.















