ജയ്പൂർ: പൂഞ്ചിൽ നടന്ന ഭീകരാക്രമണം ആസൂത്രിതമാണെന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയുടെ വിവാദ പരാമർശത്തിൽ ആഞ്ഞടിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ഭൈരവ. ദേശവിരുദ്ധ പരാമർശമാണ് ഛന്നി നടത്തിയതെന്നും രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരെ ഉൾപ്പെടുത്തി ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും പ്രേം ചന്ദ് ഭൈരവ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് പ്രധാനമന്ത്രി കൃത്യമായ മറുപടി നൽകാറുണ്ട്. കേവലം ചീപ്പ് പൊളിറ്റിക്സിനായി ദേശവിരുദ്ധ പരാമർശമാണ് ഛന്നി ഇപ്പോൾ നടത്തിയത്. ഇത് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരുടെ ജീവത്യാഗത്തെ സംബന്ധിച്ച വിഷയമാണ്. അക്കാര്യത്തെ എത്ര മോശമായ രീതിയിലാണ് ഛന്നി പരാമർശിച്ചത്.? രാജ്യത്ത് പല പാർട്ടികളും പാർട്ടി പ്രവർത്തകരുമുണ്ടായിരിക്കും എന്നാൽ നമുക്ക് ഒരു രാജ്യം മാത്രമാണുള്ളത്.”- പ്രേം ചന്ദ് ഭൈരവ പറഞ്ഞു.
രാജ്യത്തിനായി ജീവത്യാഗം ചെയ്യുന്നവരാണ് സൈനികർ. ഭീകരാക്രമണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന സ്റ്റണ്ടാണെന്ന് എങ്ങനെ പറയാൻ തോന്നുന്നുവെന്നും പ്രേം ചന്ദ് ചോദിച്ചു. രാജ്യത്തെക്കാൾ വലുതല്ല ഒരു തെരഞ്ഞെടുപ്പും ഒരു രാഷ്ട്രീയവും. നമ്മുടെ രാജ്യം നിലനിൽക്കുന്ന കാലത്തോളം മാത്രമേ തെരഞ്ഞെടുപ്പും രാഷ്ട്രീയവും നടത്താൻ സാധിക്കുകയുള്ളൂവെന്നും രാജ്യത്തെ താങ്ങി നിർത്തുന്നവരാണ് സൈനികരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛന്നിയുടെ ആരോപണങ്ങൾക്ക് ജനങ്ങൾ മാപ്പ് നൽകില്ലെന്നും ഛന്നി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പരാമർശത്തിൽ മാപ്പ് പറയണമെന്നും പ്രേം ചന്ദ് പറഞ്ഞു. അതേസമയം പരാമർശം വിവാദമായതോടെ തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നാണ് ഛന്നി ഇപ്പോൾ മുന്നോട്ട് വയ്ക്കുന്ന ന്യായീകരണം.