ഗംഗോത്രി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് അല്ലു അർജുൻ. ആദ്യ ചിത്രം വിജയമായിരുന്നെങ്കിലും അല്ലു അർജുന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രമായിരുന്നു ‘ആര്യ’. തെലുങ്കിൽ മികച്ച വിജയം നേടിയ ചിത്രം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലും അല്ലു അർജുൻ എന്ന നടന് തന്റേതായ ഒരു സ്ഥാനം ലഭിച്ച ചിത്രം കൂടിയായിരുന്നു ആര്യ. തന്റെ ജീവിതത്തിന്റെ ഗതിമാറ്റിയ ചിത്രം എന്നാണ് ആര്യയെ അല്ലു അർജുൻ വിശേഷിപ്പിക്കുന്നത്.
Sweet Memories 🖤 #20yearsofArya pic.twitter.com/wp9cXaMeTB
— Allu Arjun (@alluarjun) May 7, 2024
ആര്യ റിലീസ് ചെയ്ത് 20 വർഷം തികഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ മറക്കാനാകാത്ത അനുഭവങ്ങളെ കുറിച്ച് അല്ലു അർജുൻ സമൂഹമാദ്ധ്യമമായ എക്‌സിൽ കുറിപ്പ് പങ്കുവച്ചു. ഒപ്പം സിനിമയിലെ ചില ചിത്രങ്ങളും പങ്കുവച്ചു.’ ആര്യയുടെ 20 വർഷങ്ങൾ… ഇത് വെറുമൊരു സിനിമയല്ല. എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച ഒരു കാലഘട്ടമാണിത്. നന്ദി എല്ലാവരോടും…’. അല്ലു അർജുൻ കുറിച്ചു.
20 years of Arya. It’s not just a movie … it’s a moment in time that changed the course of my life . Gratitude forever . pic.twitter.com/DIYyWIP7ig
— Allu Arjun (@alluarjun) May 7, 2024
സുകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ഒരു റൊമാന്റിക് ആക്ഷൻ കോമഡി ചിത്രമായിരുന്നു ആര്യ. അനു മേത്ത, ശിവ ബാലാജി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു. സംവിധായകൻ സുകുമാറിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ആര്യ. 2004 മെയ് 7നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആര്യയിലൂടെ ഒരു തെലുങ്കിലെ ഒരു ഹിറ്റ് ജോഡി തന്നെയാണ് ഉദയമെടുത്തത്. സുകുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് തന്നെയായിരുന്നു ആര്യ.
2009ൽ അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ആര്യ 2 എന്ന ചിത്രം വീണ്ടും വിജയം ആവർത്തിച്ചു. പിന്നീട് നീണ്ട ഇടവേളയ്‌ക്ക് ശേഷം അല്ലു അർജുനും സുകുമാറും ഒരുമിച്ച ചിത്രമായിരുന്നു പുഷ്പ. രാജ്യമൊട്ടുക്കും ഏറ്റെടുത്ത ചിത്രത്തിലെ പ്രകടനത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.















