ഹൈദരാബാദ്: നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഒരു കുട്ടിയടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. ബാച്ചുപള്ളിയിൽ ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ നാല് വയസുള്ള ഒരു കുട്ടിയുമുണ്ട്.
ഇന്ന് പുലർച്ചയോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഉണ്ടായത്. മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. വൻ നാശനഷ്ടമാണ് കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ഉണ്ടായത്. പലയിടങ്ങളിലും മരങ്ങൾ വീണും മറ്റും ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കി.
പല ഇടങ്ങളിലും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. റിപ്പോർട്ടുകൾ അനുസരിച്ച് സെക്കന്തരാബാദിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത്. 136.8 മില്ലീമീറ്റർ മഴയാണ് സെക്കന്തരാബാദിൽ ലഭിച്ചത്. മഴക്കെടുതിയുടെ ഭീകരത കാണിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.