ന്യൂഡൽഹി: മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത് മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി എയർ ഇന്ത്യ എക്‌സ്പ്രസ്. മിന്നൽ പണിമുടക്കിന് നേതൃത്വം നൽകിയ 25 ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.
ഇന്ന് വൈകുന്നേരം 4 മണിയോടെ അവധിയെടുത്ത മറ്റ് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് താക്കീത് നൽകിയതായും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 90 ലധികം സർവീസുകൾ റദ്ദാക്കി കമ്പനിയുടെ വിശ്വാസ്യതയ്‌ക്ക് കോട്ടം വരുത്തിച്ച സാഹചര്യത്തിലാണ് 25 ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായത്.
” മുന്നറിയിപ്പില്ലാതെ ഗൂഢാലോചന നടത്തിയുള്ള ജീവനക്കാരുടെ അവധിയെടുക്കലാണിതെന്ന് കമ്പനി കണ്ടെത്തി. ഇതുമൂലം ധാരാളം വിമാനങ്ങൾ റദ്ദാക്കേണ്ടി വരികയും യാത്രക്കാർക്ക് അസൗകര്യങ്ങൾ നേരിടേണ്ടി വരികയും ചെയ്തു. ജീവനക്കാരുടെ ഇത്തരം പ്രവൃത്തി കമ്പനിയുടെ വിശ്വാസ്യതയ്‌ക്ക് കളങ്കം വരുത്തുകയും സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തു. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് തടസം നിന്ന ജീവനക്കാരുടെ മനോഭാവം അംഗീകരിക്കാനാകാത്തതാണ്. ഇതിന് തക്കതായ നടപടി കമ്പനി സ്വീകരിക്കുന്നു”.- എയർ ഇന്ത്യയുടെ പിരിച്ചുവിടൽ നോട്ടീസിൽ പറയുന്നു.
മിന്നൽ പണിമുടക്കിനെ തുടർന്ന് ഇന്നും കേരളത്തിലെ വിമാനത്താവളങ്ങളിൽ പല വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കും, ബെംഗളൂരുവിലേക്കും, ഹൈദരാബാദിലേക്കും പോകേണ്ട വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരിലും മൂന്ന് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അൽ ഐൻ, ജിദ്ദ, ദോഹ എന്നിവടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് ഷാർജ, അബുദാബി എന്നീ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദ് ചെയ്തിരുന്നു.