ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ ആശയങ്ങൾ പ്രചരിപ്പിച്ച കേസിൽ കശ്മീരി ദമ്പതികൾ ഉൾപ്പെടെ അഞ്ച് ഭീകരർക്ക് ന്യൂഡൽഹിയിലെ എൻഐഎ കോടതി തടവുശിക്ഷ വിധിച്ചു. ശ്രീനഗർ സ്വദേശിയായ 36 കാരനായ ജഹാൻസൈബ് സാമി, ഭാര്യ ഹിന ബഷീർ, ഹൈദരാബാദ് സ്വദേശി അബ്ദുല്ല ബാസിത്ത്, പൂനെ സ്വദേശികളായ സാദിയ അൻവർ ഷെയ്ഖ്, നബീൽ സിദ്ദിഖ് ഖത്രി എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനുമായി പ്രതികൾക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഭരണകൂടത്തിനെതിരായ ഗൂഢാലോചന, വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജഹാൻസൈബ് സാമിയേയും ഭാര്യ ഹിന ബഷീറിനേയും ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ 2020 മാർച്ച് 8-നാണ് കസ്റ്റഡിയിലെടുത്തത്. 2020 ജൂലൈ 12 ന് പൂനെയിൽ നിന്നാണ് സാദിയ അൻവർ ഷെയ്‌ഖിനേയും നബീൽ സിദ്ദിഖ് ഖത്രിയേയും പിടികൂടിയത്.
യുഎപിഎയിലെ വിവിധ വകുപ്പുകൾ പ്രകാരം 3 മുതൽ 20 വർഷം വരെ തടവ് ശിക്ഷയാണ് ജഹാൻസൈബ് സാമിക്ക് എൻഐഎ കോടതി വിധിച്ചത്. ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു ജഹാൻസൈബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമം. രാജ്യത്തുടനീളം ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങൾ നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായും ബിറ്റ്‌കോയിൻ വഴിയാണ് ഫണ്ട് സമാഹരിച്ചതെന്നും എൻഐഎയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
രണ്ടാം പ്രതി ഹിന ബഷീറിന് 14 വർഷമാണ് തടവ്. താൻ ഐഎസ് അംഗമാണെന്ന് ചോദ്യം ചെയ്യലിൽ ഇവർ അന്വേഷണ സംഘത്തിനോട് സമ്മതിച്ചിരുന്നു. അഞ്ച് പേരെ കൂടാതെ സംഘത്തിന്റെ ഭാഗമായിരുന്ന ഡോ. ബ്രേവ് എന്നറിയപ്പെടുന്ന അബ്ദുർ റഹ്മാന്റെ വിചാരണ കോടതിയിൽ നടക്കുകയാണ്. ബെംഗളൂരുവിൽ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന ഇയാളെ 2020 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. ഇയാൾ സിറിയയിൽ പോയി തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുത്തതായും ഭീകരരെ ചികിത്സിക്കുന്നതിനായി മെഡിക്കൽ ആപ്ലിക്കേഷനും നിർമിച്ചതായും എൻഐഎ കണ്ടെത്തിയിരുന്നു.















