വാർഷിക കരാറിൽ നിന്ന് ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും ഒഴിവാക്കിയതിൽ വിശദീകരണവുമായി ബിസിസിഐ സെക്രട്ടറി ജയ്ഷാ. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ തീരുമാനമാണ് ഇരുവരെയും കരാറിൽ നിന്ന് പുറത്താക്കാൻ കാരണമെന്ന് ജയ് ഷാ വ്യക്തമാക്കി. ബിസിസിഐ നിർദേശങ്ങൾ ലംഘിച്ച് ഇരുവരും ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നു. ഏകദിന ലോകകപ്പിന് ശേഷം ഇഷാൻ കിഷൻ നീണ്ട ഇടവേളയെടുത്തു. ഐപിഎല്ലിലേക്ക് മാത്രമാണ് തിരിച്ച് വന്നത്. മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ സെമിയും ഫൈനലും ഉൾപ്പെടെ കുറച്ച് മത്സരങ്ങൾ മാത്രമാണ് അയ്യർ കളിച്ചത്.
നിങ്ങൾക്ക് ബിസിസിഐ ഭരണഘടന പരിശോധിക്കാം. ഞാൻ സെലക്ഷൻ മീറ്റിംഗിന്റെ കൺവീനർ മാത്രമാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് അജിത് അഗാർക്കറാണ്. അത് നടപ്പാക്കുക മാത്രമാണ് എന്റെ ചുമതല. സഞ്ജു സാംസണെ പോലുള്ള പുതിയ താരങ്ങളെ ഇതോടെ ടീമിൽ ഉൾപ്പെടുത്താനായി. ക്രിക്കറ്റിൽ ആരെയും ഒഴിച്ചുനിർത്താനാകില്ല. ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് ഇഷാനും ശ്രേയസുമായി താൻ സംസാരിച്ചിരുന്നു. ആ വാർത്ത മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിനായി പരിഗണിക്കുകയാണെങ്കിൽ വിജയ് ഹസാരെയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കളിക്കാൻ തയ്യാറാണെന്ന്് ഹാർദിക് പാണ്ഡ്യ പറഞ്ഞിരുന്നു. ആഭ്യന്തര ടൂർണമെന്റിൽ കളിക്കാൻ താത്പര്യമില്ലെങ്കിൽ പോലും ഏതൊരാൾക്കും ആ ടൂർണമെന്റിൽ പങ്കെടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിൽ ഇടംലഭിക്കണമെങ്കിൽ സ്വയം കഴിവ് തെളിയിക്കണം. മികച്ച പ്രകടനവും കാഴ്ചവയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.