ബുധനും ശുക്രനും മേടം രാശിയിയിലും, വ്യാഴവും സൂര്യനും ഇടവം രാശിയിലും, ചന്ദ്രനും ഗുളികനും കർക്കിടകം രാശിയിലും, കേതു കന്നിയിലും, ശനി കുംഭത്തിലും, കുജനും, രാഹുവും മീനത്തിലും സ്ഥിതി ചെയുമ്പോൾ സൂര്യൻ മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് 2024 മെയ് 14 ന് രാവിലെ 6:07 AM IST യിൽ സംക്രമിക്കുന്നു
വാര മാസ ഫലം കണക്കാക്കുന്നത് സാധാരണയായി നിലവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയാണ്. ഇത് ഒരു പൊതുവായ സൂചന മാത്രമാണെന്ന് ഓർക്കേണ്ടതാണ്. വ്യക്തിയുടെ ജന്മനക്ഷത്രം, യോഗങ്ങൾ, ദശാപഹാരം എന്നിവയെല്ലാം അനുസരിച്ച് ഈ ഫലത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നിരുന്നാലും, ഈ പൊതു ഫലം ഒരു സൂചനയായി കണക്കാക്കി, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കാനും, മോശം സമയം തരണം ചെയ്യാനും സാധിക്കും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
കേതു ഈ രാശിയിൽ സ്ഥിതി ചെയ്യുന്നതിനാൽ, കന്നിരാശിക്കാർക്ക് ഈ സംക്രമണം അല്പം പ്രതികൂലമായിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്
ഈ മാസം അമിതമായ കോപം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഇല്ലങ്കിൽ കോപം മൂലം ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകും. ഈ സമയം നിങ്ങളുടെ മാതാവിന് രോഗദുരിതം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും അനുഭവങ്ങളിൽ നിന്നും ചിന്താശേഷി വർദ്ധിക്കും.
വ്യാഴ ദശയിൽ ഉള്ളവർക്ക് ദശാപഹാര കാലങ്ങളിലെ അധിപൻമാരെ പ്രീതിപ്പെടുത്തുന്നത് അത്യാവശ്യമായിവന്നേക്കാം. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തുന്നതിലുപരി, ഹനുമാൻ ചാലിസ, ദേവി ഭാഗവതം ഒക്കെ വാഹനത്തിൽ സൂക്ഷിച്ചാൽ അവ നിങ്ങൾക്ക് ഒരു കവചം പോലെ പ്രവർത്തിക്കും.
ഈ സമയത്ത് വാതരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ഉദരരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, വ്യാഴത്തിന്റെ രാശി മാറ്റം ‘ചിലർക്ക്’ അപ്രതീക്ഷിതമായ ഈശ്വരാനുഗ്രഹം കൊണ്ടുവരും. ചിലർക്ക് പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം ലഭിക്കും.
ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദാമ്പത്യവിരഹം, സുഹൃത്തുക്കളുമായി കലഹം, മിത്രങ്ങൾ ശത്രുക്കൾ ആകുക എന്നിവ സംഭവിക്കാം. വിദ്യാർത്ഥികൾക്ക് ഈ സമയത്ത് മാതാപിതാക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. അവരുടെ പഠനത്തിൽ പുരോഗതി ഉണ്ടാകും. പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. അന്യരെ സഹായിക്കാനുള്ള ഹൃദ്യ വിശാലതയും ത്യാഗ മനോഭാവവും ഈ സമയത്ത് നിങ്ങളിൽ ഉണ്ടാകും. ധന സംബന്ധമായി കേസുകളും വഴക്കുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ സമയത്ത് ശ്രദ്ധയും സൂക്ഷ്മതയും പാലിക്കുക. അമിതമായ വികാരങ്ങൾ നിയന്ത്രിക്കുക. ക്ഷമയോടെയും വിവേകത്തോടെയും പ്രവർത്തിക്കുക.
ഉത്രം, അത്തം, ചിത്തിര, നക്ഷത്രക്കാർ യഥാക്രമം ജൂൺ 14 (വെള്ളിയാഴ്ച), മെയ് 19 (ഞായറാഴ്ച), മെയ് 20 (തിങ്കളാഴ്ച) ദിനത്തിൽ തങ്ങളുടെ പക്കപ്പിറന്നാൾ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ശുക്രന്റെ അനുകൂല സ്വാധീനം തുലാം രാശിക്കാർക്ക് ഈ കാലയളവിൽ സന്തോഷവും സമാധാനവും നൽകും. പ്രണയത്തിലും ദാമ്പത്യ ജീവിതത്തിലും മധുരതരം നിമിഷങ്ങൾ പ്രതീക്ഷിക്കാം. കല, സംഗീതം തുടങ്ങിയ മേഖലകളിൽ താല്പര്യം വർദ്ധിക്കും.
ഈ മാസം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറഞ്ഞ സമയമായിരിക്കും. ദാമ്പത്യത്തിൽ ഐക്യം വർദ്ധിക്കും. ഭാര്യാഭർത്താക്കൾ പരസ്പരം ധാരാളം സ്നേഹവും പിന്തുണയും നൽകും.
ഈ സമയത്ത് പുതിയ വാഹനം വാങ്ങാനോ മാറ്റി വാങ്ങാനോ സാധ്യതയുണ്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും. പ്രണയ കാര്യങ്ങളിൽ മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കും.
രോഗങ്ങൾക്ക് വിദഗ്‌ദ്ധ ചികിത്സ തേടി രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കാൻ സാധ്യതയുണ്ട്.
ആരോട് സംസാരിക്കുമ്പോഴും ജാഗ്രത പുലർത്തുക. സംസാരത്തിൽ പക്വത ഇല്ലായ്മ പല അവസരങ്ങളും നഷ്ടപ്പെടുത്താൻ കാരണമാകും. സുഹൃത്തുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ പണം കടം കൊടുക്കുമ്പോഴും ജാമ്യം നിൽക്കുമ്പോഴും മറ്റു സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. കാരണം, ഈ സമയത്ത് കേസ് വഴക്കുകൾ വരാൻ സാധ്യതയുണ്ട്.
സാമ്പത്തികമായി ഉണ്ടായിരുന്ന പ്രതിസന്ധികൾ ഈ മാസം മാറാൻ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ തുടങ്ങും.
മൊത്തത്തിൽ, ഈ മാസം നിങ്ങൾക്ക് നല്ലൊരു മാസമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം, കരിയറിൽ പുരോഗതി, സാമ്പത്തിക അഭിവൃദ്ധി എന്നിവ നേടാൻ നിങ്ങൾക്ക് സാധിക്കും. ഈ അനുകൂല സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുകയും ചെയ്യുക.
ചിത്തിര, ചോതി, വിശാഖം, നക്ഷത്രക്കാർ യഥാക്രമം മെയ് 20 (തിങ്കളാഴ്ച), മെയ് 21 (ചൊവ്വാഴ്ച), മെയ് 23 (വ്യാഴാഴ്ച) ദിനത്തിൽ തങ്ങളുടെ പക്കപ്പിറന്നാൾ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ രാശിയിൽ ഗ്രഹങ്ങളൊന്നും ഇല്ലെങ്കിലും, ചൊവ്വയുടെ നീചസ്ഥാനം അൽപ്പം പ്രതികൂലമായി ബാധിച്ചേക്കാം. ക്ഷമയോടെയും സംയമനത്തോടെയും പ്രവർത്തിക്കുന്നത് വെല്ലുവിളികളെ മറികടക്കാൻ സഹായിക്കും.
ഈ മാസം ജീവിതത്തിൽ വെല്ലുവിളികളും നേട്ടങ്ങളും നിറഞ്ഞ സമയമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.
സർക്കാരിലെ കരാർ തൊഴിലാളികൾക്ക് ഈ മാസം മികച്ച അവസരങ്ങൾ ലഭിക്കും. തൊഴിൽ രഹിതർക്ക് ചിലർക്ക് വിദേശയാത്രയും, അതുവഴി തൊഴിൽ ലഭിക്കുകയും ചെയ്തേക്കാം. ഉദ്യോഗസ്ഥർക്ക് ഈ സമയത്ത് ഉദ്യോഗത്തിൽ അനുകൂല സ്ഥാനമാറ്റം, സ്ഥാനക്കയറ്റം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. കലാകാരന്മാർക്ക് അവരുടെ കരിയറിൽ നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങൾക്ക് ശത്രുക്കളുടെ മേൽ വിജയം നേടാൻ സാധിക്കും.
എന്നിരുന്നാലും, മനസ്സിലെ അസ്വസ്ഥത, നിരാശ, ദൈവവിശ്വാസത്തിൽ കുറവ് എന്നിവ ഈ സമയത്ത് നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. ദൈവത്തെ നിന്ദിക്കുന്നത് ഈശ്വരാധീനം നഷ്ടപ്പെടുത്താൻ കാരണമാകും. ഈ അവസരത്തിൽ ചിലർക്ക് അന്യസ്ത്രീബന്ധം അനുഭവത്തിൽ വന്നേക്കാം. മറ്റുള്ളവർക്ക് പ്രണയഭംഗവും ഉണ്ടാകാൻ സാധ്യതയുണ്ട്. ലിംഗഭേദമില്ലാതെ സ്ത്രീമൂലം മാനസിക വ്യഥ ഉണ്ടാകാതെ ശ്രദ്ധിക്കുക.
എന്നാൽ, ആരോഗ്യം സംബന്ധിച്ച് ശ്രദ്ധാലുവായിരിക്കേണ്ടത് പ്രധാനമാണ്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, അർശ്ശസ്, ഉദര രോഗങ്ങൾ എന്നിവ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഭാര്യയ്‌ക്കോ സന്താനങ്ങൾക്കോ അസുഖം വരാനും സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക.
ഈ സമയത്ത് ക്ഷമയോടെയും വിവേകത്തോടെയും പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. വെല്ലുവിളികളെ നേരിടാനും അവസരങ്ങളെ പ്രയോജനപ്പെടുത്താനും ശ്രമിക്കുക.
വിശാഖം, അനിഴം, തൃക്കേട്ട, നക്ഷത്രക്കാർ യഥാക്രമം മെയ് 23 (വ്യാഴാഴ്ച), മെയ് 24 (വെള്ളിയാഴ്ച), മെയ് 25 (ശനിയാഴ്ച) ദിനത്തിൽ തങ്ങളുടെ പക്കപ്പിറന്നാൾ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
വ്യാഴത്തിന്റെ സ്വാധീനം ധനു രാശിക്കാർക്ക് ഈയാഴ്ച ഊർജ്ജസ്വലതയും ആത്മവിശ്വാസവും നൽകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയം. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും.
ഈ മാസം നിങ്ങൾക്ക് നല്ല സന്തോഷകരമായ മാസമാകാനാണ് സാധ്യത. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറഞ്ഞ സമയമായിരിക്കും. കുടുംബാംഗങ്ങളുടെയും ഭാര്യയുടെയും പുത്രന്മാരുടെയും സുഖം വർദ്ധിക്കും. സഹോദരൻ അല്ലെങ്കിൽ ആ സ്ഥാനത്തുള്ളവരിൽ നിന്ന് ഗുണാനുഭവങ്ങളോ സാമ്പത്തിക സഹായമോ പ്രതീക്ഷിക്കാം. ജോലിയിൽ മേലധികാരിയിൽ നിന്ന് പ്രീതി ലഭിക്കുകയും സ്ഥാനക്കയറ്റം നേടുകയും ചെയ്യും.
ഈ സമയത്ത് ആരോഗ്യം മെച്ചപ്പെടും. രോഗങ്ങൾ മാറി നിങ്ങൾക്ക് പുഷ്ടിപ്പെട്ട ആരോഗ്യം ലഭിക്കും. വിജയസാധ്യത ഉണ്ടാകില്ല എന്ന് കരുതി മാറ്റി വച്ചിരിക്കുന്ന ശസ്ത്രക്രിയ പോലെയുള്ള ചികിത്സകൾ ഈ മാസത്തിൽ പൂർണ വിജയത്തിൽ കലാശിക്കും.
സാമ്പത്തിക ഭാഗ്യം, മനഃസന്തോഷം, അന്യസ്ത്രീകൾ മുഖാന്തരം ഭാഗ്യം എന്നിവ ഈ സമയത്ത് നിങ്ങളെ തേടി വരും. വ്യവഹാരങ്ങളിൽ വിജയം ലഭിക്കുകയും ശത്രുക്കളുടെ ദോഷം ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.
എന്നാൽ, ചില സങ്കീർണമായ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടി വരും. ഈ സമയത്ത് ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ചുമതലകളും യാത്രകളും വർദ്ധിക്കും.
ദുഃഖകരമായ വാർത്തയായി, അടുത്ത ചില ബന്ധുക്കളുടെ വിയോഗം സംഭവിക്കാൻ സാധ്യതയുണ്ട്. ഈ വകയിൽ ചിലർക്ക് സാമ്പത്തിക കാര്യങ്ങളിൽ അപ്രതീക്ഷിതമായ ചെലവുകൾ വന്നുചേരും.
പുതിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ഈ അനുകൂല സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുകയും ചെയ്യുക.
മൂലം, പൂരാടം, ഉത്രാടം, നക്ഷത്രക്കാർ യഥാക്രമം മെയ് 26 (ഞായറാഴ്ച), മെയ് 27 (തിങ്കളാഴ്ച), മെയ് 28 (ചൊവ്വാഴ്ച) ദിനത്തിൽ തങ്ങളുടെ പക്കപ്പിറന്നാൾ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ശനിയുടെ സ്വാധീനം മകരം രാശിക്കാർക്ക് കഠിനാധ്വാനം വേണ്ടി വരുത്തും. എന്നാൽ, ഈ അധ്വാനത്തിന് ഫലം ലഭിക്കും. ക്ഷമയോടെയും നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിക്കുന്നത് വിജയം കൈവരിക്കാൻ സഹായിക്കും.
ഈ മാസം പലർക്കും നല്ല സമയമായിരിക്കും. വീട്ടിൽ സന്തോഷവും സ്നേഹവും നിറയും. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ നിങ്ങൾക്ക് അവസരം ലഭിക്കും. സ്ഥലം വാങ്ങുന്ന കാര്യത്തിലോ വീടുപണിയിലോ ഉള്ള ആഗ്രഹങ്ങൾ ഈ മാസം സഫലമായേക്കാം. മക്കളുടെ നേട്ടങ്ങളിൽ നിങ്ങൾ അഭിമാനിക്കും. സന്താനങ്ങളിൽ നിന്ന് സന്തോഷവും ഗുണാനുഭവങ്ങളും ലഭിക്കും. കലാകാരൻമാർക്ക് അവരുടെ രംഗത്ത് പേരും പ്രശസ്തിയും നേടാൻ ഈ സമയം അനുയോജ്യമാണ്.പുതിയ അവസരങ്ങൾ വന്നുചേരും, നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും വിജയം നേടാനും കഴിയും.
മാതാവ് അല്ലെങ്കിൽ മാതൃ സഹോദരങ്ങൾ മുഖേന ഗുണാനുഭവങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ജോലി തേടുന്നവർക്ക്, ഈ മാസം ഒരു പുതിയ അവസരം വന്നുചേരാനുള്ള സാധ്യതയുണ്ട്. ഉയർന്ന പദവിയിൽ ഉദ്യോഗം ലഭിക്കാനും കുടുംബാംഗങ്ങൾ എല്ലാരും ഒരുമിച്ച് താമസിക്കാനും ഈ മാസം യോഗം ഉണ്ട്.
പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാനും സാധ്യതയുണ്ട്. പ്രണയത്തിന്റെയും റൊമാൻസിന്റെയും കാര്യത്തിൽ ഈ മാസം ഏറെ സന്തോഷം നിറഞ്ഞതായിരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ ഈ സമയം അനുയോജ്യമാണ്.
എന്നിരുന്നാലും, ചിലർക്ക് നിയമപരമായ പ്രശ്നങ്ങളും ജയിൽവാസവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. ഈ മാസം യാത്രകൾ നടത്തുന്നതിന് മുൻപ് ജാഗ്രത പാലിക്കണം.
ഉത്രാടം, തിരുവോണം, അവിട്ടം, നക്ഷത്രക്കാർ യഥാക്രമം മെയ് 28 (ചൊവ്വാഴ്ച), മെയ് 29 (ബുധനാഴ്ച), മെയ് 30 (വ്യാഴാഴ്ച) ദിനത്തിൽ തങ്ങളുടെ പക്കപ്പിറന്നാൾ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ശനിയുടെ സ്വാധീനം കുംഭം രാശിക്കാർക്ക് അൽപ്പം പ്രതികൂലമായി ബാധിച്ചേക്കാം. വ്യക്തിപരമായ ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം. എന്നാൽ, പക്വതയോടെ പ്രവർത്തിക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
ഈ മാസം ക്ഷമയോടെയും വിവേകത്തോടെയും പെരുമാറേണ്ടത് പ്രധാനമാണ്. അനാവശ്യ ധൃതിയും ഊഹാപോഹങ്ങളും ഒഴിവാക്കുക. ആരോഗ്യത്തിൽ ശ്രദ്ധ കൊടുക്കുകയും, അപകടകരമായ സാഹസികമായ പ്രവർത്തനങ്ങൾ ഒഴിവാക്കുകയും ചെയ്യുക. കുടുംബാംഗങ്ങളോട് ക്ഷമയോടെ പെരുമാറുകയും അവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുക. ഈ വെല്ലുവിളികളെ മറികടന്ന് വിജയിക്കാൻ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.
ഭൂമി സംബന്ധമായ കാര്യങ്ങളിൽ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ഭൂമി വാങ്ങൽ വിൽക്കൽ ഒക്കെ കുറച്ചു സമയത്തേക്ക് മാറ്റി വയ്‌ക്കാൻ സാധിക്കുമെങ്കിൽ നന്നായിരിക്കും. പുരുഷന്മാർക്ക് ലഹരിവസ്തുക്കളിൽ ആസക്തി ഉണ്ടാകാനും, ചില രോഗങ്ങൾ അലട്ടാനും സാധ്യതയുണ്ട്. കുടുംബത്തിൽ സ്വസ്ഥത കുറവും അന്യസ്ത്രീ ബന്ധത്തിനുള്ള സാധ്യതയും ഉണ്ടാകാം.
എടുത്തുചാട്ടം കാരണം ദുരനുഭവങ്ങൾ, ആവശ്യമില്ലാത്ത കാര്യങ്ങളിൽ അപവാദം, ജ്വരം പോലുള്ള രോഗങ്ങൾക്ക് സാധ്യത ഒക്കെയുള്ള മാസമാണ്. വാഹനം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, മുറിവ്, ഒടിവ്, ചതവ് എന്നിവ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഭാര്യയ്‌ക്ക് ദുരിതം സംഭവിക്കാനും, ദുർവാർത്തകൾ കേൾക്കേണ്ടി വരാനും സാധ്യതയുണ്ട്. തൊഴിലിൽ സ്ഥാനഭ്രംശത്തിനും മേലധികാരിയുടെ അപ്രീതിക്കും സാധ്യതയുണ്ട്.
എന്നിരുന്നാലും, സാമ്പത്തിക കാര്യങ്ങളിൽ ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാകും. ചിലർക്ക് സഹോദരങ്ങളിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകാനും ചിലർക്ക് ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ട്.
അവിട്ടം, ചതയം, പൂരുരുട്ടാതി, നക്ഷത്രക്കാർ യഥാക്രമം മെയ് 30 (വ്യാഴാഴ്ച), മെയ് 31 (വെള്ളിയാഴ്ച), മെയ് 31 (വെള്ളിയാഴ്ച) ദിനത്തിൽ തങ്ങളുടെ പക്കാ പിറന്നാൾ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ചൊവ്വ രാഹുവുമായി സംയോഗിക്കുന്നതിനാൽ മീനംരാശിക്കാർ മാനസിക ആരോഗ്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടിരിക്കുന്നു. മനസ്സിനെ ശാന്തമായി സൂക്ഷിക്കുന്നത് നല്ലതാണ്. ചുറ്റും സന്തോഷം നൽകുന്ന സകലതും ഉണ്ടെങ്കിലും ഒരു തൃപ്തി ലഭിക്കാത്ത അസ്വസ്ഥമായ മാനസിക നിലയായിരുക്കും. മാത്രമല്ല, ചൊവ്വ രാഹു സംയോഗസമയത്താണ് സർപ്പദംശനയോഗം കല്പിച്ചിരിക്കുന്നത്. ചൊവ്വാദശയിൽ രാഹുവിന്റെ അപഹാരം നടക്കുന്നവർ വളരെ ശ്രദ്ധിക്കേണ്ട സമയം ആകുന്നു ഇടവ മാസം. ഈ മാസം മീനരാശിക്കാർ സുബ്രഹ്മണ്യഭജനം നടത്തുന്നത് ഉചിതമായിരിക്കും. കൂടാതെ കുടുംബത്തിലെയോ താമസസ്ഥലത്തെയോ സർപ്പകാവിൽ ദ്രവ്യം സമർപ്പിച്ചു തൊഴുന്നതും ദോഷഫലങ്ങൾ കുറയാൻ ഉപകരിക്കും. ഇടവമാസത്തിലെ ആയില്യം (മെയ് 15) നിശ്ചയമായും നഗർക്ക് പാലും മഞ്ഞളും നല്കാൻ മറക്കരുത്.
എന്നിരുന്നാലും പൊതുവെ ഈ മാസം ഐശ്വര്യവും സന്തോഷവും നിറഞ്ഞതായിരിക്കും. സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. രോഗങ്ങൾ മാറി ആരോഗ്യവും ശരീരശോഭയും വർദ്ധിക്കും. പുതിയ വീട് വാങ്ങാനോ നിലവിലുള്ള വീട് നവീകരിക്കാനോ സാധ്യതയുണ്ട്. ആടയാഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ വർദ്ധിക്കും. വ്യവസായത്തിൽ ഉന്നതിയും ശത്രുക്കളിൽ നിന്ന് വിജയവും നേടും. എവിടെയും നിങ്ങൾക്ക് ബഹുമാനവും മനഃസന്തോഷവും ലഭിക്കും. കീർത്തി വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്.
വിവാഹമോ വിവാഹ സംബന്ധമായ കാര്യങ്ങളോ നടക്കാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ ഐക്യവും സ്നേഹവും വർദ്ധിക്കും. സന്താനങ്ങളിൽ നിന്ന് സന്തോഷവും സഹായവും ലഭിക്കും. സൽസുഹൃത്തുക്കൾ ഉണ്ടാകുകയും അവരിൽ നിന്ന് ഗുണാനുഭവങ്ങൾ ലഭിക്കുകയും ചെയ്യും. രാഷ്‌ട്രീയക്കാർക്ക് സ്ഥാനമാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. സർക്കാർ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നവർക്ക് അർഹമായ ജോലി ലഭിക്കും. പുതിയ സാമ്പത്തിക സ്രോതസുകൾ തുറന്നു കിട്ടും. വിദേശയാത്രക്ക് പരിശ്രമിക്കുന്നവർക്ക് അനുകൂല കാലമാണ്.
എന്നിരുന്നാലും, സഹോദരങ്ങളുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അവരുമായി ക്ഷമയോടെയും വിവേകത്തോടെയും പെരുമാറാൻ ശ്രദ്ധിക്കുക. സഹോദരസ്ഥാനത്തുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനടി ചികിത്സാ സഹായം നേടുക.
ഈ അനുഗ്രഹസമൃദ്ധമായ കാലഘട്ടം പരമാവധി പ്രയോജനപ്പെടുത്തുകയും ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി, നക്ഷത്രക്കാർ യഥാക്രമം മെയ് 31 (വെള്ളിയാഴ്ച), ജൂൺ 1 (ശനിയാഴ്ച), ജൂൺ 2 (ഞായറാഴ്ച) ദിനത്തിൽ തങ്ങളുടെ പക്കപ്പിറന്നാൾ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Monthly Prediction by Jayarani E.V















