ലക്‌നൗ: കാശിയുമായുള്ള വൈകാരിക ബന്ധം ഒരിക്കൽ കൂടി തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗാ മാതാവാണ് തന്നെ ദത്തെടുത്തതെന്നും കാശിലെ ജനങ്ങളുടെ സ്‌നേഹം കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് സ്വകാര്യ മാദ്ധ്യമത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” ഗംഗാ മാതാവാണ് തന്നെ ദത്തെടുത്തത്. കാശിയിലെ ജനങ്ങളുടെ സ്‌നേഹം കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. ഈ സ്‌നേഹവും വാത്സല്യവുമാണ് തന്നെ ഒരു ബനാറസിയനാക്കി മാറ്റിയത്. കാശിയുമായുള്ളത് വൈകാരികമായ ബന്ധമാണ്.”- പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ സ്‌നേഹവും വാത്സ്യല്യവും കാണുമ്പോൾ തന്റെ ഉത്തരവാദിത്തങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു വരുന്നതായി തോന്നുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തന്റെ സ്വന്തം അമ്മയുടെ 100-ാമത്തെ ജന്മദിനത്തിന്റെ ഓർമ്മകളും പ്രധാനമന്ത്രി മാദ്ധ്യമങ്ങളുമായി പങ്കുവച്ചു.
”അമ്മയുടെ ജന്മദിനത്തിൽ അവർ ചില കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നു. അത് പാലിച്ചാണ് ഞാൻ ഇത്രയും കാലം ജീവിച്ചു പോന്നത്. കൈക്കൂലി വാങ്ങരുത്, പാവങ്ങളെ മറക്കരുത്, അഴിമതി രഹിതമായ ജീവിതം നയിക്കണം. ഇതൊക്കെയായിരുന്നു അമ്മയുടെ ഉപദേശങ്ങൾ. അത് പാലിക്കാൻ ഞാൻ എന്നും ശ്രദ്ധിക്കുന്നുണ്ട്.”- പ്രധാനമന്ത്രി വ്യക്തമാക്കി.
ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി വാരാണസി ലോക്‌സഭയിൽ നിന്ന് മത്സരിക്കുന്നത്.
അമ്മയുടെ വേർപാടിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ തെരഞ്ഞെടുപ്പാണിത്. ജൂൺ ഒന്നിനാണ് വോട്ടെടുപ്പ് വാരാണസിയിൽ നടക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചിരുന്നു.