കാമുകിമാരല്ല സൽമാൻ ഖാനാണ് മാപ്പ് പറയേണ്ടതെന്ന് ബിഷ്ണോയ് സമുദായം. സൽമാന്റെ മുൻ കാമുകിയും നടിയുമായ സോമി അലി സൽമാന്റെ വിഷയത്തിൽ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് ബിഷ്ണോയ് സമുദായത്തിന്റെ പ്രതികരണം. ഓൾ ഇന്ത്യ ബിഷ്ണോയ് സമുദായത്തിന്റെ പ്രസിഡൻ്റ് ദേവേന്ദ്ര ബുദിയ ആണ് ബോളിവുഡ‍് സ്റ്റാറിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.
സൽമാനാണ് മാപ്പുപറയേണ്ടത്. അദ്ദേഹം ക്ഷേത്രത്തിലെത്തി ക്ഷമ ചോദിക്കണം. ഇനിയാെരിക്കലും തെറ്റ് ആവർത്തിക്കില്ലെന്നും വന്യമൃഗങ്ങളെയും പരിസ്ഥിതിയേയും ഉപദ്രവിക്കാതെ സംരക്ഷിക്കാമെന്ന് പ്രതിജ്ഞയെടുക്കണം. ഇക്കാര്യം അദ്ദേഹം ചെയ്താൽ മാപ്പുനൽകുന്ന കാര്യം ബിഷ്ണോയ് സമൂഹം പരിഗണിക്കും. സോമി അലി അല്ലല്ലോ തെറ്റ് ചെയ്തത് സൽമാനല്ലേ..— ദേവേന്ദ്ര ബുദിയ പറഞ്ഞു.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സോമി സൽമാന് വേണ്ടി മാപ്പപേക്ഷ നടത്തിയത്.
”തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു, സല്‍മാന്‍ ഖാനായാലും സാധാരണക്കാരനായാലും ഒരാളുടെ ജീവനെടുക്കുന്നത് സ്വീകാര്യമല്ല. നീതിക്ക് വേണ്ടിയാണെങ്കിൽ കോടതിയെ സമീപിക്കണം. സൽമാനെ ആക്രമിച്ചത് കൊണ്ട് കൃഷ്ണ മൃഗത്തെ ഒരിക്കലും തിരികെ കിട്ടില്ല. അതേസമയം ഞാൻ വേട്ടയാടലിനെ പിന്തുണയ്‌ക്കുന്നുമില്ല”എന്നായിരുന്നു സോമി അലി പറഞ്ഞത്. നേരത്തെ സൽമാന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ലോറൻസ് ബിഷ്ണോയ് ഗ്യാങാണ് വെടിവയ്പ് നടത്തിയത്.