പ്ലേ ഓഫിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാനിറങ്ങിയ രാജസ്ഥാന് ബാറ്റിംഗ് തകർച്ച. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടാനേ കഴിഞ്ഞുള്ളു. മുൻനിര അപ്പാടെ തകർന്നടിഞ്ഞപ്പോൾ അവസാന ഓവറുകളിൽ പിടിച്ചുനിന്ന മദ്ധ്യനിര താരം റിയാൻ പരാഗിന്റെ ബാറ്റിംഗാണ് രാജസ്ഥാന്റെ മാനം കാത്തത്. 34 പന്തുകളിൽ നിന്ന് 6 ഫോറുകൾ ഉൾപ്പെടെ 48 റൺസെടുത്ത പരാഗാണ് ടോപ് സ്‌കോറർ.
പതിഞ്ഞ തുടക്കമാണ് ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ടോം കോഹ്ലറും രാജസ്ഥാന് നൽകിയത്. ആദ്യ ഓവർ അവസാനിക്കുന്നതിന് മുമ്പേ യശസ്വിയെ രാജസ്ഥാന് നഷ്ടമായി. സാം കറൻ താരത്തെ ബൗൾഡാക്കുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ നായകൻ സഞ്ജുവും ടോമും ചേർന്നാണ് ഇന്നിംഗ്‌സ് ചലിപ്പിച്ചത്. കരിയറിൽ ആദ്യമായി ഒരു ഐപിഎൽ സീസണിൽ സഞ്ജു സാംസൺ 500 റൺസ് പിന്നിട്ട മത്സരത്തിൽ 18 റൺസുമായി കൂടാരം കയറി. മൂന്ന് ഫോറുകൾ ഉൾപ്പെടുന്നതായിരുന്നു നായകന്റെ ഇന്നിംഗ്സ്. നഥാൻ എല്ലിസിന്റെ പന്തിൽ രാഹുൽ ചാഹറിന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.
19 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 28 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ, 18 റൺസ് നേടിയ ഓപ്പണർ ടോം കോഹ്ലർ, 9 പന്തിൽ നിന്ന് രണ്ടു ബൗണ്ടറികൾ അടക്കം 12 റൺസ് നേടിയ ട്രെന്റ് ബോൾട്ട് എന്നിവരാണ് റോയൽസ് നിരയിൽ രണ്ടക്കം കടന്ന മറ്റുതാരങ്ങൾ. മൂന്ന് റൺസുമായി ആവേശ് ഖാൻ പുറത്താകാതെ നിന്നു. സാം കറൻ, ഹർഷൽ പട്ടേൽ, രാഹുൽ ചഹർ എന്നിവർ പഞ്ചാബിന് വേണ്ടി രണ്ട് വീതം വിക്കറ്റുകളുമായി തിളങ്ങി. അർഷ്ദീപ് സിംഗും നഥാൻ എല്ലിസും ഒരു വിക്കറ്റ് വീതം നേടി.















