ഇൻഫോസിസിന് 82 ലക്ഷം പിഴ ചുമത്തി കാനഡ സർക്കാർ. ഇന്ത്യൻ ഐടി കമ്പനിക്ക് 1.34 ലക്ഷം കനേഡിയൻ ഡോളർ പിഴ ചുമത്തിയ കാര്യം പിടിഐയാണ് പുറത്തുവിട്ടത്. ജീവനക്കാരുടെ ആരോഗ്യനികുതി അടയ്‌ക്കുന്നതിൽ 2020 ഡിസംബറിൽ കുറവ് വരുത്തിയെന്ന് കാട്ടിയാണ് പിഴ ചുമത്തിയത്. ബെംഗളൂരു ആസ്ഥാനമായ കമ്പനിക്ക് കാനഡയുടെ ധനകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ചയാണ് പിഴ ചുമത്തിയത്. ഇൻഫോസിസിന് കാനഡയുടെ വിവിധ പ്രദേശങ്ങളിൽ വലിയ ഓഫീസുകളുണ്ട്. 1,34,822.38 കനേഡിയൻ ഡോളറാണ് പിഴയിട്ടത്.
ഇന്ത്യയോടുള്ള വിരോധം തീർക്കാനാണ് കാനഡ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന് ആരോപണമുയർന്നു. ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ പൗരൻന്മാരെ അറസ്റ്റ് ചെയ്ത നടപടിയിൽ കാനഡയ്‌ക്ക് ഇന്ത്യ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.
ഭീകരാവാദികൾക്കും വിഘടനവാദികൾക്കും കാനഡ രാഷ്‌ട്രീയ ഇടം നൽകുകയാണന്നും നിജ്ജർ വധത്തിൽ ഒരു തെളിവുകളോ വിവരമോ കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ തുറന്നടിച്ചിരുന്നു. ഇന്ത്യ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ഭീകരനായിരുന്നു നിജ്ജർ. കുറ്റവാളികളെ കൈമാറാനുള്ള പല അഭ്യർത്ഥനകളും കാനഡ പതിവായി നിരസിച്ചെന്നും ഇന്ത്യ കുറ്റപ്പെടുത്തി.















